കുഴിക്കാട്ടുശ്ശേരി (തൃശ്ശൂർ): ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചതോടെ മറിയം ത്രേസ്യയുടെ തിരുരൂപം കുഴിക്കാട്ടുശ്ശേരിയിലെ കബറിടദേവാലയത്തിന്റെ അൾത്താരയിൽ പ്രതിഷ്ഠിച്ചു. രൂപത്തിന്റെ ശിരസ്സിൽ വിശുദ്ധപദവിയുടെ പ്രതീകമായുള്ള കിരീടവും അണിയിച്ചു. മറിയം ത്രേസ്യ തീർഥാടനകേന്ദ്രത്തിൽനടന്ന ചടങ്ങിൽ വൈദികരും സന്ന്യാസിനികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു.

കബറിടദേവാലയത്തിലെ പ്രൊമോട്ടറായ ഫാ. ജോസ് കാവുങ്കലാണ് രൂപത്തിൽ കിരീടം ചാർത്തിയത്. മാതൃദേവാലയമായ പുത്തൻചിറ ഫൊറോന പള്ളിയിലെ തിരുരൂപത്തിലും കിരീടധാരണം നടന്നു. വിശുദ്ധപദവി പ്രഖ്യാപനദിനത്തിൽ കബറിടദേവാലയത്തിലേക്ക് ആയിരക്കണക്കിനു വിശ്വാസികളാണെത്തിയത്. 10-നു ദിവ്യബലി തുടങ്ങിയപ്പോഴേക്കും പള്ളിക്കകവും മുറ്റവും തിങ്ങിനിറഞ്ഞിരുന്നു.

മുൻ അപൊസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് മാർ ജോർജ് പാനികുളം കുർബാനയ്ക്ക്‌ മുഖ്യകാർമികത്വം വഹിച്ചു. ഹൊസൂർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ, ഇരിങ്ങാലക്കുട രൂപതവികാരി ജനറാൾമാരായ മോൺ. ലാസർ കുറ്റിക്കാടൻ, ജോസ് കാവുങ്കൽ എന്നിവരുൾപ്പെടെ ഒട്ടേറെ വൈദികർ സഹകാർമികരായി.

പന്ത്രണ്ടരയോടെ മറിയം ത്രേസ്യയുടെ കബറിടത്തിനുസമീപം നൊവേന നടന്നു. തുടർന്നായിരുന്നു കിരീടധാരണം. ഇതിനുശേഷം തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ചുള്ള പ്രദക്ഷിണവും നടന്നു. റോമിൽ നടക്കുന്ന വിശുദ്ധപ്രഖ്യാപന ചടങ്ങുകൾ കബറിടദേവാലയത്തിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു.

content highlights: canonisation of mariam thresia