ചാത്തന്നൂർ (കൊല്ലം) : ഇ.എം.സി.സി. പ്രസിഡന്റും കുണ്ടറയിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയുമായിരുന്ന ഷിജു വർഗീസ് ആസൂത്രണംചെയ്ത പെട്രോൾ ബോംബേറ് സംഭവത്തിൽ സീരിയൽ, സിനിമാ നടി പ്രിയങ്കയെ ചോദ്യംചെയ്തു. ഷിജു വർഗീസും പ്രിയങ്കയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് ഇവരെ ചാത്തന്നൂർ അസിസ്റ്റന്റ്‌ പോലീസ് കമ്മിഷണർ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ അരൂരിലെ സ്ഥാനാർഥിയായിരുന്നു പ്രിയങ്ക. പാർട്ടി പ്രവർത്തകരും സ്ഥാനാർഥികളും എന്നനിലയിൽ ഷിജു വർഗീസുമായി പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും രണ്ടുതവണയെ കണ്ടിട്ടുള്ളൂവെന്നും കുണ്ടറയിലെ സംഭവവുമായി ബന്ധമില്ലെന്നും പ്രിയങ്ക മൊഴിനൽകിയതായി എ.സി.പി. വൈ.നിസാമുദ്ദീൻ അറിയിച്ചു.

പോലീസ് പറയുന്നത്: എറണാകുളം പാലാരിവട്ടം വെണ്ണലയിലെ ഫ്ലാറ്റിലാണ് പ്രിയങ്ക താമസിക്കുന്നത്. ഫ്ലാറ്റിന് എതിർവശത്തെ മഹാദേവക്ഷേത്രത്തിലെ ഭരണസമിതി പ്രസിഡന്റായിരുന്ന ദല്ലാൾ നന്ദകുമാർ, പ്രിയങ്കയെ ക്ഷേത്രത്തിൽെവച്ച് പരിചയപ്പെടുകയും പാർട്ടി സ്ഥാനാർഥിയാകാൻ നിർബന്ധിക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനുള്ള ഫണ്ട് പാർട്ടി നൽകുമെന്ന് അറിയിച്ചതിനെ തുടർന്നാണ് അരൂരിലെ സ്ഥാനാർഥിയായത്. ഇതിനായി പ്രിയങ്കയുടെ മാനേജരും പാർട്ടി പ്രവർത്തകനുമായ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് നന്ദകുമാർ ഒന്നരലക്ഷം രൂപ നൽകി. എന്നാൽ നാലുലക്ഷത്തിലേറെ രൂപ ചെലവായി. ഈ തുക കടംവാങ്ങിയതാണെന്ന് പ്രിയങ്ക മൊഴിനൽകി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുദിവസം രാവിലെയാണ് കുണ്ടറയ്ക്കുസമീപം കുരീപ്പള്ളിയിൽവെച്ച് ഷിജു വർഗീസിന്റെ കാറിനുനേരേ പെട്രോൾ ബോംബ് ആക്രമണമുണ്ടായത്. ഇത് ഷിജു വർഗീസ് ആസൂത്രണം ചെയ്തതാണെന്ന് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.

കുണ്ടറയിൽ മുൻമന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്കെതിരേയാണ്‌ ഷിജു വർഗീസ്‌ മത്സരിച്ചത്‌.

ഒരുബന്ധവുമില്ല-പ്രിയങ്ക

ഷിജു വർഗീസിന്റെ കാറിനുനേരേ പെട്രോൾ ബോംബ് എറിഞ്ഞ സംഭവവും ഷിജു വർഗീസാണ് പ്രതിയെന്ന കാര്യവും അറിഞ്ഞത്‌ മാധ്യമങ്ങളിലൂടെയാണ്. ഇതിനെപ്പറ്റി നേരിട്ടോ അല്ലാതെയോ ഒരറിവുമില്ലെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ഷിജു വർഗീസിന്റെ ബിസിനസിനെപ്പറ്റിയോ കുടുംബകാര്യങ്ങളെക്കുറിച്ചോ അറിയേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.

അരൂരിൽ മത്സരിച്ച തനിക്ക് മാനസികമായി ബുദ്ധിമുട്ട് നേരിട്ടിരുന്നെന്നും സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെന്നും പ്രിയങ്ക പറഞ്ഞു. എന്നാൽ ഒപ്പംനിന്ന പ്രവർത്തകർക്ക് പ്രയാസമുണ്ടാകരുതെന്നു കരുതിയാണ് മത്സരത്തിൽ ഉറച്ചുനിന്നത്.