തിരുവനന്തപുരം: അർബുദത്തോടു പൊരുതിക്കൊണ്ടുതന്നെ കേശവേട്ടൻ 65-ാം വയസ്സിലും മറ്റൊരു പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. അതാകട്ടെ വർഷങ്ങൾക്കു മുമ്പ് നേരിട്ട എഴുത്തറിയാത്തവനെന്ന അവഹേളനത്തിനെതിരേയുള്ള നിശ്ചയദാർഢ്യത്തിന്റെ തുടർച്ചകൂടിയാണ്. 26-നു നടക്കുന്ന പ്ലസ് വൺ തുല്യതാ പരീക്ഷയിൽ അർബുദത്തെയും അവഗണിച്ചാണ് കേശവൻ പരീക്ഷയ്ക്ക് ഒരുങ്ങുന്നത്.

വയനാട് വാളാട് മുണ്ടോംകണ്ടത്തിൽ വി.പി.കേശവൻ നാലാം ക്ലാസിൽ പഠനം നിർത്തിയതാണ്. പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും പിന്നീട് കഴിഞ്ഞില്ല.

പതിനഞ്ചു വർഷം മുമ്പാണ് ‘അക്ഷരദീപം പദ്ധതി’ക്കായി അധ്യാപകരെ തിരഞ്ഞ് നടക്കുമ്പോൾ ജസിയെന്ന സാക്ഷരതാ അസിസ്റ്റന്റ് പ്രേരകിനെ കൃഷിക്കാരനായ കേശവൻ കണ്ടുമുട്ടുന്നത്. ഇദ്ദേഹം വയനാടാണ് താമസം.

പഠിക്കണമെന്ന അദ്ദേഹത്തിന്റെ താത്‌പര്യം കണ്ടതോടെ 45 വർഷം പുറകിലുള്ള രേഖകൾ അദ്ദേഹം പഠിച്ച സ്‌കൂളിൽ നിന്നും ജെസി കണ്ടെത്തി. സാക്ഷരതാ മിഷന്റെ നാല്, ഏഴ്, പത്ത് ക്ലാസുകളിലെ തുല്യതാ പരീക്ഷകളിൽ കേശവൻ വിജയിച്ചു കഴിഞ്ഞു. 1970-കളിൽ നാട്ടുകാർക്ക് അക്ഷരാഭ്യാസം നൽകാൻ കേശവനും സഹോദരനായ ഭഗീരഥനും ചേർന്ന് ആശാൻകളരിക്കു തുടക്കമിട്ടിരുന്നു. ഇതാണ് പിന്നീട് എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളായി ഉയർന്നത്.

ഒരിക്കൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ വേണ്ടി ഒരാളുടെ സഹായം തേടിയപ്പോഴാണ് എഴുത്തറിയാത്തവനെന്ന പരാമർശമുണ്ടായത്. ആ വാക്കുകൾ പഠിക്കണമെന്ന ആഗ്രഹത്തിനു കൂടുതൽ ഊർജമായതായി കേശവൻ പറയുന്നു. സാക്ഷരതാ മിഷന്റെ ബ്ലോക്ക്, ജില്ലാ, സംസ്ഥാന കലോത്സവങ്ങളിൽ സ്വയം ചിട്ടപ്പെടുത്തിയ കഥാപ്രസംഗം അവതരിപ്പിച്ച് ഒന്നാം സമ്മാനവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഭാര്യയും നാലു മക്കളുമടങ്ങുന്നതാണ് കേശവന്റെ കുടുംബം.