തിരുവനന്തപുരം: വനിതാ പോലീസ്‌സ്റ്റേഷനുകൾ പ്രത്യേക പോലീസ് സ്റ്റേഷനുകളാണെന്നും പരാതി നൽകുന്നയാളോ കുറ്റം ആരോപിക്കപ്പെടുന്നയാളോ സ്ത്രീയാണെങ്കിൽ വനിതാ പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്നും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശിച്ചു. മറ്റു ചില സാഹചര്യങ്ങളിലും വനിതാ പോലീസ്‌സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്യാമെന്നും അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കി.

പരാതി നൽകുന്നത് സ്ത്രീ ആയിരിക്കുകയും എതിർഭാഗത്തുള്ളവരിൽ ഒരാൾ സ്ത്രീയും മറ്റുള്ളവർ പുരുഷനുമാണെങ്കിലുംകേസ് രജിസ്റ്റർ ചെയ്യാം. പരാതി നൽകുന്നയാൾ പുരുഷനും കുറ്റം ആരോപിക്കപ്പെടുന്നത് സ്ത്രീക്കെതിരേയും ആണെങ്കിലും കേസെടുത്ത് അന്വേഷണം നടത്താം. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ, പെൺകുട്ടികളെ കാണാതാകൽ തുടങ്ങിയവ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. മറ്റു പോലീസ്‌സ്റ്റേഷനുകൾക്കെന്ന പോലെ കൃത്യമായി അതിർത്തി നിശ്ചയിച്ചിട്ടുള്ളവയാണ് വനിതാ പോലീസ്‌സ്റ്റേഷനുകൾ.

ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ സ്വമേധയാ തന്നെ വനിതാ പോലീസ് സ്റ്റേഷനുകൾക്ക് കേസുകൾ രജിസ്റ്റർ ചെയ്യാം.

വനിതാ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ട കേസുകൾ മറ്റേത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്താലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ച് ജില്ലയിലെ വനിതാ പോലീസ്‌സ്റ്റേഷനിലേക്ക് മാറ്റണം. നിലവിൽ വനിതാ സെൽ അന്വേഷിക്കുന്ന കേസുകൾ വനിതാ പോലീസ്‌സ്റ്റേഷനിലേക്ക് മാറ്റണമെന്ന പരാതിക്കാർ ആവശ്യപ്പെട്ടാൽ ഡിവൈ.എസ്.പി. അല്ലെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശങ്ങൾ പാലിച്ചാകണം നടപടി. ആരെയെങ്കിലും വനിതാ പോലീസ് സ്റ്റേഷന്റെയല്ലാത്ത ലോക്കപ്പിൽ പാർപ്പിക്കണമെന്നുണ്ടെങ്കിൽ അക്കാര്യം ജില്ലാ പോലീസ് മേധാവിയോട് രേഖാമൂലം ആവശ്യപ്പെടണം.