തിരുവനന്തപുരം: കോവിഡ് രോഗബാധാനിരക്ക് കുറഞ്ഞതിനാൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഹോട്ടൽ, റെസ്റ്റോറന്റ്, ബാർ എന്നിവിടങ്ങളിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇരുന്ന് കഴിക്കാം. പകുതി സീറ്റുകളിലേ ആളുകളെ പ്രവേശിപ്പിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശീതീകരണ സംവിധാനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ജനലുകളും വാതിലുകളും പരമാവധി തുറന്നിടണം.

ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവയും രണ്ടു ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർക്കായി അനുവദിക്കാം. 18 വയസ്സിന് താഴെയുള്ളവർക്ക് ഈ നിബന്ധനകൾ ബാധകമല്ല. എല്ലായിടത്തും ജീവനക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം. കോവിഡ് മാനദണ്ഡങ്ങളും ശാരീരിക അകലവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

ട്യൂഷൻ സെന്റർ, കോച്ചിങ്‌ സെന്റർ, സിനിമ തിയേറ്റർ എന്നിവ തുറക്കുന്ന കാര്യം പിന്നീട് പരിഗണിക്കും. സീറ്റുകളുടെ ക്രമീകരണം സംബന്ധിച്ച് തീരുമാനം ഉണ്ടായശേഷം തിയേറ്ററുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാകും.

അടച്ചിട്ട മുറികളിലും ഹാളുകളിലും യോഗങ്ങൾ ഒഴിവാക്കണം. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരോ, ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് ബാധിതരായി രണ്ടാഴ്ച കഴിഞ്ഞവരോ മാത്രമേ പുറത്തിറങ്ങാവൂ എന്ന നിയന്ത്രണം പിൻവലിച്ചു.