തിരുവനന്തപുരം: കാമ്പസുകളിൽ പ്രവർത്തിക്കാൻ വിദ്യാർഥിസംഘടനകൾക്ക് സർക്കാർ അംഗീകാരം നിർബന്ധമാക്കി പുതിയ നിയമംവരുന്നു. സ്വാശ്രയ കോളേജുകളിലടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന് അനുവാദം നൽകുന്ന നിയമത്തിന്റെ കരടിലാണ് നിർദേശം.

വിദ്യാർഥിസംഘടനകളുടെ രജിസ്ട്രേഷനായി സെക്രട്ടറിതലത്തിൽ സർക്കാർ സംവിധാനമുണ്ടാക്കും. ഓരോ സംഘടനയുടെയും നിയമാവലിയും പ്രധാന ഭാരവാഹികളുടെ പേരുൾപ്പെടെയുള്ള വിശദാംശങ്ങളും സഹിതമാണ് അപേക്ഷിക്കേണ്ടത്. സർക്കാർ അംഗീകരിച്ച സംഘടനകൾക്കാകും കാമ്പസിൽ പ്രവർത്തിക്കാൻ അനുവാദം നൽകുക.

കുട്ടികളെ വ്യക്തിപരമായോ കൂട്ടായോ ബാധിക്കുന്ന ഏതുപ്രശ്നത്തിലും ഈ സംഘടനകൾക്ക് ഇടപെടാം. കുട്ടികളുടെ അവകാശം, ക്ഷേമം തുടങ്ങിയ കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം.

വിദ്യാർഥികളെ ബാധിക്കുന്നുവെന്ന് ആശങ്കയുള്ളതും നിയമവിരുദ്ധവും യുക്തിരഹിതവുമായ തീരുമാനങ്ങളും നിർദേശങ്ങളും അധികൃതരുടെ ശ്രദ്ധയിൽക്കൊണ്ടുവരാനും അതിന് പരിഹാരം ആവശ്യപ്പെടാനും അവകാശമുണ്ടാകും.

അധികൃതരുടെ നടപടിമൂലം ദുരിതമനുഭവിക്കുന്ന വിദ്യാർഥികളുടെ കാര്യവും സംഘടനകൾക്ക് ഏറ്റെടുക്കാം. കാമ്പസിനകത്തും പുറത്തും സംഘടനകൾക്ക് വിവിധ വിഷയങ്ങളിൽ സംവാദം സംഘടിപ്പിക്കാം.

വിദ്യാർഥികൾക്ക് ആയുധരഹിതരായി സംഘടിക്കുന്നതിനും ആശയപ്രചാരണത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും നിയമപരമായ പിൻബലം നൽകുന്നതാണ് പുതിയ നിയമം. വർഗീയത അടിസ്ഥാനമാക്കി തരംതിരിഞ്ഞ് സംഘടിക്കുന്നതും മതേതരത്വത്തിന് കോട്ടംതട്ടുന്നതുമായ പ്രവർത്തനം വിലക്കും.

സംഘടനാപ്രവർത്തനം നിരോധിച്ചതോടെ വിദ്യാർഥികൾ തീവ്രനിലപാടുള്ള സംഘടനകളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മാനേജ്‌മെന്റുകൾ കരിനിയമങ്ങൾ നടപ്പാക്കുന്നുവെന്ന പരാതിയും ഏറെ. ഇതെല്ലാം പരിഗണിച്ചാണ് നിയമപരമായി സംഘടനാപ്രവർത്തനത്തിന് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചത്.

വിദ്യാർഥികളുടെ പരാതി പരിഹരിക്കാൻ സമിതി

സ്വാശ്രയ കോളേജുകളിലേതടക്കം എല്ലാ വിഭാഗം വിദ്യാർഥികളുടെയും പരാതി പരിശോധിക്കാനും പരിഹാരം നിർദേശിക്കാനുമായി സർവീസിലുള്ളതോ വിരമിച്ചതോ ആയ ഹൈക്കോടതി ജസ്റ്റിസ് അധ്യക്ഷനായ സമിതി നിയമത്തിന്റെ ഭാഗമായി വരും.

നിയമം, അക്കാദമിക് വിദഗ്ധർ അംഗങ്ങളാകും. പ്രൊഷണൽ കോളേജ് പ്രവേശനത്തിന് മേൽനോട്ടംവഹിക്കുന്ന ജുഡീഷ്യൽ സമിതിയുടെ സ്വഭാവത്തിലായിരിക്കും ഘടന.

പരാതിയുടെ അടിസ്ഥാനത്തിൽ ആരെയും വിളിച്ചുവരുത്താനും തെളിവ് ആവശ്യപ്പെടാനും സമിതിക്കാകും. സമിതിയുടെ തീരുമാനം അനുസരിക്കാൻ സർവകലാശാലയും കോളേജുകളും മറ്റ് അധികാരികളും ബാധ്യസ്ഥമാണ്.

തീരുമാനം ഹൈക്കോടതിയിലേ ചോദ്യം ചെയ്യാനാകൂ. ഗുരുതരമായ കേസുകളിൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാനും പിഴ ഈടാക്കാനും അധികാരമുണ്ടാകും. വ്യാജപരാതി നൽകി അധികൃതരെ കുടുക്കാൻ ശ്രമിച്ചെന്നുകണ്ടാൽ കുട്ടികൾക്കെതിരേയും നടപടിയെടുക്കും.