തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പ്രവേശനപ്പരീക്ഷവഴി അഡ്മിഷന്‍ നടത്തുന്ന ബിരുദ, പി.ജി. കോഴ്‌സുകളുടെ രജിസ്‌ട്രേഷന് വന്‍തിരക്ക്. മികച്ച വിദ്യാര്‍ഥികളെ കിട്ടാനായി ഇത്തവണ പ്ലസ്ടു, ബിരുദ ഫലം വരുന്നതിന് മുന്‍പേതന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയിരുന്നു.

സര്‍വകലാശാലാ പഠനവകുപ്പുകളിലെ മുഴുവന്‍ പി.ജി. കോഴ്‌സുകളിലേക്കും പരീക്ഷയിലൂടെയാണ് പ്രവേശനം. പി.ജി. ഇംഗ്ലീഷിന് മാത്രം ഇതുവരെ 1500-ലധികം പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പ്രവേശനവിഭാഗം ഡയറക്ടര്‍ ഡോ. ജോസ് പുത്തൂര്‍ പറഞ്ഞു. 30-ല്‍ താഴെ സീറ്റുള്ള മറ്റു കോഴ്‌സുകളിലേക്ക് ശരാശരി അഞ്ഞൂറോളം അപേക്ഷകളെത്തിയിട്ടുണ്ട്.

എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്, അപ്ലൈഡ് സൈക്കോളജി, റേഡിയേഷന്‍ ഫിസിക്‌സ്, എന്‍വയേണ്‍മെന്റല്‍ സയന്‍സ്, അപ്ലൈഡ് സുവോളജി, അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് പ്ലാന്റ് സയന്‍സ്, അപ്ലൈഡ് ജിയോളജി, മാത്തമാറ്റിക്‌സ് തുടങ്ങി സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി കോഴ്‌സുകള്‍, സര്‍വകലാശാലയുടെ സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പി.ജി കോഴ്‌സുകള്‍, ബിരുദ കോഴ്‌സുകളായ ബാച്‌ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.പി.എഡ്. ഇന്റഗ്രേറ്റഡ്, ബി.പി.എഡ്. (രണ്ട് വര്‍ഷം), പാലക്കാട് വിക്ടോറിയ കോളേജില്‍ മാത്രമുള്ള ബി.കോം ഓണേഴ്‌സ് തുടങ്ങിയവയിലേക്കാണ് പ്രവേശന പരീക്ഷ.

ഒറ്റത്തവണ അപേക്ഷാഫീസ് അടയ്ക്കുന്നവര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ പത്ത് ഓപ്ഷനുകളിലായി ആറ് കോഴ്‌സുകള്‍വരെ രജിസ്റ്റര്‍ ചെയ്യാം.

യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക്/ഗ്രേഡ് കൂടി പ്രവേശനത്തിന് പരിഗണിക്കപ്പെടുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി നിര്‍ദേശിക്കുന്ന തീയതികളില്‍ യോഗ്യത തെളിയിക്കുന്ന മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡ് ഹാജരാക്കണം.

ശനിയാഴ്ച രാത്രി 12 മണി വരെ രജിസ്‌ട്രേഷന്‍ ഫീസടയ്ക്കാം. 30 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. മേയ് ഏഴുമുതല്‍ 26 വരെയാണ് പഠനവകുപ്പുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ നടത്തുക. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍ എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.