തിരുവനന്തപുരം: സി.എ.ജിക്കെതിരേ നിയമസഭയിൽ നാടകീയവും അസാധാരണവുമായ നീക്കവുമായി സംസ്ഥാന സർക്കാർ. സി.എ.ജി. റിപ്പോർട്ടിൽ കിഫ്ബിക്കെതിരായ പരാമർശങ്ങൾ തള്ളിക്കളയുന്ന പ്രമേയം പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെ സഭ അംഗീകരിച്ചു. പരാമർശങ്ങൾ സാമാന്യ നീതിയുടെയും രാഷ്ട്രീയ നിഷ്പക്ഷതയുടെയും ലംഘനമാണെന്ന് പ്രമേയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റിപ്പോർട്ടിലെ മൂന്നുപേജുകൾ സഭ നിരാകരിച്ചു. ഇവ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ സി.എ.ജി. കൂട്ടിച്ചേർത്തതെന്നാണ് സർക്കാരിന്റെ ആരോപണം.

രാജ്യത്തിന്റെ ചരിത്രത്തിൽ പാർലമെൻറിലോ മറ്റ് സംസ്ഥാന നിയമസഭകളിലോ ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. കീഴ്‌വഴക്കങ്ങളുടെ ലംഘനവും ഭരണഘടനാപരമായ ചർച്ചകൾക്കും നിയമപോരാട്ടത്തിനും വഴിവെക്കുകയും ചെയ്യുന്ന നടപടിയാണ് നിയമസഭയുടേത്.

സി.എ.ജി. റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് പരിശോധിക്കേണ്ടത്. അതിനുമുമ്പ് നിയമ നിർമാണസഭകൾ അതിൽ ഭേദഗതി വരുത്താറില്ല. പരാമർശങ്ങൾ പ്രമേയത്തിലൂടെ തള്ളിയതോടെ സർക്കാർ ഗുരുതരമായ ഭരണഘടനാ പ്രതിസന്ധി വരുത്തിവെച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷൻ വി.ഡി. സതീശനും ആരോപിച്ചു. ഭരണഘടനാ സ്ഥാപനമായ സി.എ.ജി. കണ്ടെത്തുന്ന ക്രമക്കേടുകൾ പരിശോധനയൊന്നും ഇല്ലാതെ നീക്കം ചെയ്യുന്നത് അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന കീഴ്‌വഴക്കമുണ്ടാക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.

റിപ്പോർട്ട് തയ്യാറാക്കിയ സംസ്ഥാനത്തെ മുൻ അക്കൗണ്ടന്റ് ജനറലിനെ ഭരണപക്ഷം പേരെടുത്ത് പറഞ്ഞും പറയാതെയും വിമർശിച്ചു. സി.എ.ജി നിയമസഭയ്ക്ക് മുകളിലല്ലെന്നും സർക്കാരിന്റെ താത്പര്യം സംരക്ഷിക്കാൻ ഏതറ്റംവരേയും പോകുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എന്നാൽ സർക്കാരിനെ വിമർശിക്കുന്നവരെല്ലാം ആർ.എസ്.എസിനെ അനുകൂലിക്കുന്നവരും വികസനവിരുദ്ധരുമായി ചിത്രീകരിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

14-ാം കേരളനിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാന ദിവസമാണ് പ്രമേയവുമായി സർക്കാർ എത്തിയത്. പ്രമേയം സഭ ശബ്ദവോട്ടോടെ പാസ്സാക്കി.

പ്രമേയം ഇങ്ങനെ

കിഫ്ബിയുടെ മസാലാബോണ്ട് കേന്ദ്രസർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന സി.എ.ജിയുടെ പരാമർശം വസ്തുതാപരമായ പിശകാണ്. കിഫ്ബിയുടെ വായ്പകൾ ബജറ്റിന് പുറത്തുള്ളവയാണെന്ന നിഗമനവും തെറ്റാണ്. സർക്കാരിന്റെ വികസനതാത്പര്യങ്ങളെ ഹനിക്കുന്ന, കരട് റിപ്പോർട്ടിൽ ഇല്ലാതിരുന്ന ഭാഗങ്ങൾ അനാവശ്യവും ദുരൂഹവുമായ ധൃതിയിൽ അന്തിമ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. ഈ റിപ്പോർട്ട് ഓഡിറ്റ് ചട്ടങ്ങൾ, സാമാന്യനീതി , പ്രൊഫഷണൽ സമീപനം, രാഷ്ട്രീയ നിഷ്പക്ഷത എന്നിവയുടെ ലംഘനമാണ്. ഇക്കാര്യത്തിൽ സഭയുടെ ഉത്കണ്ഠ സി.എ.ജിയെ അറിയിക്കും. അതിനാൽ സി.എ.ജിയുടെ 2018-19 ലെ സംസ്ഥാന ധന ഓഡിറ്റിൽ കിഫ്ബിയെക്കുറിച്ച് പറയുന്ന 41 മുതൽ 43 വരെയുള്ള പരാമർശങ്ങളും റിപ്പോർട്ടിന്റെ ചുരുക്കത്തിലുള്ള പരാമർശങ്ങളും സഭ നിരാകരിക്കുന്നു.