തിരൂർ: നാടിനെ ഭിന്നിപ്പിക്കാനുള്ള ഭരണാധികാരികളുടെ നീക്കത്തിനെതിരേ ഡി.വൈ.എഫ്.ഐ. തിരൂരിൽനിന്ന് കോഴിക്കോട്ടേക്ക് ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശബ്ദരല്ല എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന യുവതയുടെ പ്രതിഷേധ മാർച്ചിന് തുടക്കമായി. മാർച്ച് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു.

കുമ്മനത്തിനും ശ്രീധരൻപിള്ളക്കുമില്ലാത്ത പ്രത്യേകത ഇപ്പോഴത്തെ ഗവർണർക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയെ തകർക്കുന്ന ഗവർണറെ തടയാൻ ഡി.വൈ.എഫ്.ഐ. തീരുമാനിച്ചിട്ടില്ല. എന്നാൽ തീരുമാനിച്ചാൽ ഗവർണർ കേരളത്തിന്റെ ഒരൊറ്റ റോഡുപോലും കാണില്ല. അങ്ങനെ തീരുമാനിക്കുന്നവരല്ല ഞങ്ങൾ-മുഹമ്മദ് റിയാസ് പറഞ്ഞു.

മലപ്പുറംജില്ലാ പ്രസിഡൻറ് ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ. റഹീം, സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ്, സംസ്ഥാന ജോ. സെക്രട്ടറി കെ.യു. ജനീഷ് കുമാർ എം.എൽ.എ. എന്നിവർ പ്രസംഗിച്ചു.

വാഗൺ ട്രാജഡിയുടെ ധീരസ്മരണകൾ ഇരമ്പുന്ന മണ്ണിൽനിന്നും കോഴിക്കോട് കടപ്പുറത്തേക്ക് മൂന്ന് ദിവസങ്ങളിലായാണ് യൂത്ത് മാർച്ച് നടക്കുന്നത്. ശനിയാഴ്ചത്തെ മാർച്ച് തിരുരിൽനിന്നാരംഭിച്ച് താനൂർ വഴി പരപ്പനങ്ങാടിയിൽ സമാപിച്ചു.

ഞായറാഴ്ച പരപ്പനങ്ങാടിയിൽനിന്നാരംഭിച്ച് ചേളാരി, തേഞ്ഞിപ്പലം, രാമനാട്ടുകാര, ഫറോക്ക് ചെറുവണ്ണൂരിൽ സമാപിക്കും. തിങ്കളാഴ്ച ചെറുവണ്ണൂരിൽനിന്നാരംഭിച്ച് മഹാറാലിയായി വൈകീട്ട് 3-ന് കോഴികോട് കടപ്പുറത്ത് സമാപിക്കും. സമാപനയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും