കണ്ണൂര്‍: കേരളത്തില്‍ ഡി.വൈ.എഫ്.ഐ. ചെഗുവേരയുടെ ചിത്രം വെയ്ക്കുന്നതുകൊണ്ട് അദ്ദേഹത്തെ നിന്ദിക്കുന്നത് ആളെ മനസ്സിലാക്കാന്‍ കഴിവില്ലാത്തതിനാലാണെന്ന് ബി.ജെ.പി. ദേശീയ എക്‌സിക്യുട്ടീവ് അംഗം സി.കെ. പത്മനാഭന്‍.
നയപരമായി വിമര്‍ശിക്കുന്നവര്‍ക്ക് ആ നിലയില്‍ മറുപടി പറയണം. വ്യക്തിപരമായും സാമൂഹികമായും ആക്ഷേപിക്കുന്നത് ശരിയല്ല. ഖാദി കലണ്ടറിലും ഡയറിയിലും ഗാന്ധിജി ചര്‍ക്കതിരിക്കുന്ന പടത്തിനുപകരം പ്രധാനമന്ത്രിയുടെ പടം ചേര്‍ത്തതിനെപ്പറ്റി ഖാദിവകുപ്പുമന്ത്രി പറഞ്ഞത് ഗാന്ധിജിക്ക് പകരംവെയ്ക്കാനാരുമില്ലെന്നാണ്. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍നിന്ന്.

ചെഗുവേര വീരപ്പനെപ്പോലെയാണെന്ന് ചിലര്‍ പറയുന്നത് അവര്‍ക്ക് ചെഗുവേരയെ അറിയാത്തതുകൊണ്ടാണ്. ക്യൂബയെ സ്വേച്ഛാധിപത്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ കാസ്‌ട്രോവിനൊപ്പം ഗറില്ലാവിപ്ലവത്തിന് നേതൃത്വം നല്‍കിയ നല്ലഡോക്ടറാണ് ചെഗുവേര. കരിമ്പിന്‍തോട്ടത്തില്‍ പണിയെടുത്തും തുറമുഖത്ത് ചുമടെടുത്തുമൊക്കെയാണ് ആ ഡോക്ടര്‍ ജീവിച്ചത്. ക്യൂബയുടെ വിദേശമന്ത്രിയായിട്ടും എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച് ബൊളീവിയന്‍ കാടുകളില്‍ പോയി ഗറില്ലായുദ്ധം നടത്തി ലാറ്റിനമേരിക്കയിലെ ജനങ്ങളെ മോചിപ്പിക്കാന്‍ ശ്രമിച്ചു. അധികാരത്തെ പുല്ലുപോലെ വലിച്ചെറിഞ്ഞ് വെടിയുണ്ടകളെ കൂസാതെ പോരാടിയ ചെഗുവേരയെ സി.ഐ.എ. വേട്ടയാടി. പിടിച്ചുകെട്ടി വെടിവെച്ചുകൊന്ന് കൈ വെട്ടിമാറ്റി.
 
ചെഗുവേരയുടെ പടംവെയ്ക്കുന്ന ഡി.വൈ.എഫ്.ഐ.ക്കാര്‍ അക്രമികളായതിനാല്‍ ചെഗുവേരയെ നിന്ദിക്കുന്നത് ശരിയല്ല. യുവമോര്‍ച്ചക്കാര്‍ ചെഗുവേരയെക്കുറിച്ച് പഠിക്കണമെന്ന് രണ്ടുപതിറ്റാണ്ടുമുമ്പ് യുവമോര്‍ച്ച ക്യാമ്പില്‍ ക്ലാസെടുത്തവനാണ് താന്‍. എം.ടി. വാസുദേവന്‍നായര്‍ ജ്ഞാനപീഠം നേടിയ എഴുത്തുകാരനാണ്. നൊബേല്‍ സമ്മാനത്തിനുവരെ അര്‍ഹന്‍. ഫ്യൂഡല്‍ ജീര്‍ണതയ്‌ക്കെതിരെ സര്‍ഗാത്മകമായ സൃഷ്ടികള്‍ നടത്തി. കറന്‍സി നിരോധനം ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കിയതായി അദ്ദേഹം വിമര്‍ശിച്ചു. അദ്ദേഹത്തിന് വിമര്‍ശിക്കാന്‍ അധികാരമുള്ളതുപോലെ അതിനെ വിമര്‍ശിക്കാന്‍ ബി.ജെ.പി.ക്കും അവകാശമുണ്ട്. എന്നാല്‍, ആ വിമര്‍ശം ആക്ഷേപിക്കുന്നതരത്തിലാവരുത്.

സഹകരണ പ്രതിസന്ധി, റേഷന്‍ പ്രശ്‌നം, സി.പി.എം. കൊലപാതക രാഷ്ട്രീയം എന്നീ വിഷയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ബി.ജെ.പി. മേഖലായാത്ര നടത്തിയത്. എന്നാല്‍, കമലിലേക്കും എം.ടി.യിലേക്കും ചെഗുവേരയിലേക്കും ശ്രദ്ധമാറുംവിധം വിവാദമുണ്ടായതിനാല്‍ ജാഥയുടെ മുദ്രാവാക്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ല. കമല്‍ പാകിസ്താനില്‍ പോകണമെന്നുപറഞ്ഞത് ബി.ജെ.പി.യുടെ അഭിപ്രായമല്ല, പറഞ്ഞയാളുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പാകിസ്താനില്‍ പോകാന്‍ ആരോടെങ്കിലും പറയാന്‍ ആര്‍ക്കും അവകാശമില്ല. കലാരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ സംവിധായകനാണ് കമല്‍. ദേശീയഗാനത്തെ അദ്ദേഹം ബഹുമാനിച്ചില്ലെന്ന് കരുതുന്നില്ല. ചലച്ചിത്ര അക്കാദമിയുടെ സിനിമ നടക്കുന്ന തിയേറ്ററില്‍ കയറി പോലീസ് അറസ്റ്റുചെയ്തതിനെപ്പറ്റിയാണ് അദ്ദേഹം പ്രതികരിച്ചത്. അത് തെറ്റല്ല. ഇത്തരം കാര്യങ്ങളില്‍ ചിലരുടെ വികാരപ്രകടനം ആശാസ്യമല്ല. എല്ലാം വിലയിരുത്താന്‍ ശേഷിയുള്ള ജനതയാണ് കേരളീയര്‍. എല്ലാവരെയും ഉള്‍ക്കൊള്ളാനാണ് ശ്രമിക്കേണ്ടത്.

നോട്ട് അസാധുവാക്കല്‍ അനിവാര്യമായിരുന്നു. അതിന് ജനങ്ങളുടെ അംഗീകാരമുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ മറ്റ് മാര്‍ഗമില്ലാതെവന്നാല്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിവരും. അതാണ് മോദി ചെയ്തത്. ആദ്യഘട്ടത്തിലെ പ്രയാസമെല്ലാം തീര്‍ന്ന് ഇപ്പോള്‍ നോട്ടുകള്‍ ലഭ്യമായിത്തുടങ്ങി. സി.പി.എമ്മില്‍ ചേരുന്നതിന് താന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നത് കെട്ടുകഥയാണ്. രഹസ്യമായോ പരസ്യമായോ ചര്‍ച്ച നടത്തിയിട്ടില്ല. അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടേയില്ല. ബി.ജെ.പി.യില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായമല്ല താന്‍ ഇപ്പോള്‍ പറഞ്ഞത്. തന്റെ വ്യത്യസ്തമായ അഭിപ്രായം പുറത്തുവന്നതിനെത്തുടര്‍ന്ന് തെറികള്‍ക്കൊപ്പം അഭിനന്ദനവുമുണ്ടാകുന്നുണ്ട്. രണ്ടും താന്‍ ശ്രദ്ധിക്കുന്നില്ലെന്നും ബി.ജെ.പി.യുടെ മുന്‍ സംസ്ഥാന അധ്യക്ഷനായ പത്മനാഭന്‍ പറഞ്ഞു.