തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ പരാജയകാരണം സംഘടനാ ദൗർബല്യവും പ്രചാരണപ്രവർത്തനങ്ങളിലെ ഏകോപനമില്ലായ്മയുമാണെന്നു യു.ഡി.എഫ്. ഏകോപനസമിതി വിലയിരുത്തൽ.

വർഗീയ കാർഡിറക്കിയുള്ള എൽ.ഡി.എഫിന്റെ പ്രചാരണപ്രവർത്തനങ്ങളും അമിതമായ പണത്തിന്റെ ഒഴുക്കും മന്ത്രിമാർ നേരിട്ടിറങ്ങി നൽകിയ വാഗ്ദാനങ്ങളും യു.ഡി.എഫ്. പരാജയത്തിനിടയാക്കി. എൻ.എസ്.എസ്. സമദൂര നിലപാടിൽനിന്നു ശരിദൂരത്തിലേക്കു മാറിയപ്പോൾ ഇതിനെ കുപ്രചാരണമാക്കി സാമുദായികധ്രുവീകരണമുണ്ടാക്കാനുമായി.

പരാജയങ്ങൾ വിശദമായി വിലയിരുത്താൻ നവംബർ 15-ന് നെയ്യാർഡാമിലെ രാജീവ്ഗാന്ധി ഗവേഷണകേന്ദ്രത്തിൽ ഒരുദിവസം നീളുന്ന യു.ഡി.എഫ്. യോഗം ചേരും. പരാജയകാരണങ്ങൾ വിശദമായി അന്ന് ചർച്ചചെയ്യും.

പാളിച്ചകൾ വിശദമായി പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്തും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ രണ്ടു സീറ്റും യു.ഡി.എഫ്. തിരിച്ചുപിടിക്കുമെന്നും ഏകോപനസമിതി യോഗതീരുമാനങ്ങൾ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്നണി കൺവീനർ ബെന്നി ബെഹനാനും പറഞ്ഞു.

അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും യു.ഡി.എഫ്. മികച്ച വിജയമാണു നേടിയത്. കഴിഞ്ഞതവണ എൽ.ഡി.എഫിലെ എ.എം. ആരിഫ് 38,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച അരൂർ മണ്ഡലമാണു 2079 വോട്ടിനു യു.ഡി.എഫിലെ ഷാനിമോൾ ഉസ്മാൻ തിരിച്ചുപിടിച്ചത്.

എറണാകുളത്ത് 56 ശതമാനം വോട്ടുമാത്രമാണു പോൾചെയ്തത്. കഴിഞ്ഞതവണ 73 ശതമാനമുള്ളിടത്താണിത്. ആകെ പോൾ ചെയ്തതിന്റെ 42.14 ശതമാനം വോട്ട് ഇവിടെ യു.ഡി.എഫ്. നേടി. മഞ്ചേശ്വരത്ത് കഴിഞ്ഞതവണ 89 വോട്ടിനു ജയിച്ചിടത്താണ് ഇക്കുറി 7923 വോട്ടിനു ജയിച്ചത്.

ബി.ജെ.പി.യുടെ തകർച്ച അവരുടെ വർഗീയത ഇവിടെ വേരോട്ടമുണ്ടാക്കില്ലെന്നതിനു തെളിവാണ്.

Content Highlights: By election results UDF report