തിരുവനന്തപുരം : അഞ്ച് നിയമസഭാമണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അണിയറയിൽ സ്ഥാനാർഥിനിർണയ ചർച്ചകൾ മുറുകിയെങ്കിലും സാമുദായിക, ഗ്രൂപ്പ് പരിഗണനകൾ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു.

അഞ്ചു മണ്ഡലങ്ങളിൽ നാലിടത്തും യു.ഡി.എഫിൽനിന്ന് കോൺഗ്രസാണ് കഴിഞ്ഞതവണ മത്സരിച്ചത്. സ്വാഭാവികമായും ഇത്തവണയും അവർ തന്നെയായിരിക്കും ജനവിധി തേടുക. അരൂരും കോന്നിയിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈഴവ സ്ഥാനാർഥികളാണു മത്സരിച്ചത്. കോന്നിയിൽ അടൂർ പ്രകാശും അരൂരിൽ സി.ആർ. ജയപ്രകാശും. എന്നാൽ, ഈ രണ്ടു മണ്ഡലങ്ങളിലേക്കും മുൻനിരയിൽ പരിഗണിക്കപ്പെട്ട സ്ഥാനാർഥികൾ ഈ വിഭാഗത്തിൽ നിന്നുള്ളവരല്ലെന്നതാണ് കോൺഗ്രസിനെ കുഴക്കുന്നത്.

കോൺഗ്രസിന് ഈഴവ വിഭാഗത്തിൽനിന്ന് നിലവിൽ എം.എൽ.എ.മാരില്ലെന്നതും പോരായ്മയാണ്. ഇക്കാര്യത്തിൽ ധാരണയായാലേ മറ്റു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി നിർണയം തീരുമാനമാകൂ. അരൂരിൽ ഷാനിമോൾ ഉസ്മാന്റെയും കോന്നിയിൽ റോബിൻ പീറ്ററുടെയും പേരുകളാണുയർന്നത്. സാമുദായിക പരിഗണനകളുടെ പേരിൽ ഇതിനു മാറ്റംവരാം. നാലു മണ്ഡലങ്ങളിൽ മൂന്നിടത്തും ഐ ഗ്രൂപ്പാണു മത്സരിച്ചത്. അരൂരിൽ എ ഗ്രൂപ്പും.

അരൂർ വിട്ടുനൽകി പകരം വട്ടിയൂർക്കാവ് ഏറ്റെടുക്കണമെന്ന ആവശ്യം എ ഗ്രൂപ്പിൽ ഉയർന്നിട്ടുണ്ട്. എന്നാൽ, ഐ ഗ്രൂപ്പിന് ഇതിനോടു താത്പര്യമില്ല. വെച്ചുമാറ്റം നടന്നില്ലെങ്കിൽ അരൂരിൽ കെ. ബാബു അടക്കമുള്ളവരുടെ പേരുകൾ എ ഗ്രൂപ്പിൻറെ പരിഗണനയിലുണ്ട്. എം. ലിജുവിന്റെ പേരും ഉയർന്നെങ്കിലും മത്സരിക്കാൻ താത്പര്യമില്ലെന്ന നിലപാടിലാണ് അദ്ദേഹം.

വട്ടിയൂർക്കാവിൽ എൻ. പീതാബരക്കുറുപ്പിനോടാണ് കെ. മുരളീധരനു താത്പര്യം. സ്ഥാനമൊഴിഞ്ഞ എം.എൽ.എ.യെന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിനു മുൻതൂക്കം ലഭിക്കാം. അല്ലെങ്കിൽ കെ. മോഹൻകുമാർ, തമ്പാനൂർ രവി, നെയ്യാറ്റിൻകര സനൽ, ശാസ്തമംഗലം മോഹൻ, ആർ.വി. രാജേഷ് എന്നിവരൊക്കെ പരിഗണനപ്പട്ടികയിലുണ്ട്.

എറണാകുളത്ത് ടി.ജെ. വിനോദിനാണ് ഐ ഗ്രൂപ്പിൽ മുൻതൂക്കം. 25 വർഷമായി കൗൺസിലറായി പ്രവർത്തിക്കുന്ന വിനോദ് ഡി.സി.സി. പ്രസിഡന്റും ഡെപ്യൂട്ടി മേയറുമാണ്. ഇതേസമയം ലോക്‌സഭാ സീറ്റ് നിഷേധിക്കപ്പെട്ടതു ചൂണ്ടിക്കാട്ടി കെ.വി. തോമസും രംഗത്തുണ്ട്. അദ്ദേഹം ഡൽഹിക്കു പോവുകയും ചെയ്തു.

കോന്നിയിൽ റോബിൻ പീറ്ററിനായി അടൂർ പ്രകാശ് പിടിമുറുക്കുന്നുണ്ടെങ്കിലും ഡി.സി.സി.യിൽ എതിർപ്പുണ്ട്. മുൻ ഡി.സി.സി. പ്രസിഡന്റ് മോഹൻരാജടക്കം പരിഗണനയിലുണ്ട്. സാമുദായിക പരിഗണന കൂടിയാകുമ്പോൾ സതീഷ് കൊച്ചുപറമ്പിലിന്റെ പേരും പട്ടികയിൽ ഇടംപിടിക്കാം.

മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരടക്കമുള്ള നേതാക്കൾ ഒരുമിച്ചിരുന്ന് ആലോചനകളിലേക്കു കടന്നിട്ടില്ല. രണ്ടുദിവസത്തിനകം ചേരുന്ന കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി മുതിർന്ന നേതാക്കളെ പട്ടികയ്ക്കു രൂപംനൽകാൻ ചുമതലപ്പെടുത്തിയേക്കും. ഇവർ നൽകുന്ന പട്ടിക ഹൈക്കമാൻഡ് ചർച്ചചെയ്ത് പ്രഖ്യാപിക്കും.

മൂന്നു മുന്നണികളും എതിരാളികളുടെ സ്ഥാനാർഥിയാരെന്നറിഞ്ഞശേഷം അന്തിമ തീരുമാനമെടുക്കാമെന്ന തന്ത്രവും പയറ്റുന്നുണ്ട്.

Content Highlights: By Election Kerala