തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യുടെ സ്ഥാനാർഥിപ്പട്ടിക ബി.ജെ.പി.യുടെ കേന്ദ്രഘടകത്തിന് ചൊവ്വാഴ്ച അയച്ചുകൊടുക്കും. ചൊവ്വാഴ്ചയോ അടുത്തദിവസമോ സ്ഥാനാർഥികളെ പ്രഖ്യാപിക്കത്തവിധമാണ് ചർച്ച പുരോഗമിക്കുന്നത്. ഓരോ നിയേജകമണ്ഡലത്തിലേക്കും മൂന്നുപേർവീതമടങ്ങുന്ന പട്ടികയാണ് അയയ്ക്കുക.

പ്രാഥമികപട്ടിക ധാരണയായി. കോർ കമ്മിറ്റിയിൽ ഉയർന്നതും ജില്ലാഘടകങ്ങൾ നിർദേശിച്ചതുമായ പേരുകൾ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മിറ്റി വീണ്ടും ചർച്ചചെയ്യും. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള മത്സരത്തിനില്ല.

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ബി.ജെ.പി.ക്ക് നിർണായകമായ പോരാട്ടമാണ്. അതുകൊണ്ടുതന്നെ രണ്ടിടത്തും ജയസാധ്യത കൂടിയ സ്ഥാനാർഥികളെയാണ് രംഗത്തിറക്കുക. വട്ടിയൂർക്കാവിൽ കുമ്മനം രാജശഖരനെ മത്സരിപ്പിക്കാൻ തിരുവനന്തപുരം ജില്ലാകമ്മിറ്റി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ആർ.എസ്.എസിന്റെയും ബി.ജെ.പി കേന്ദ്രഘടകത്തിന്റെയും നിലപാട് നിർണായകമാവും.

തിരുവനന്തപുരത്ത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുമ്മനത്തെ സ്ഥാനാർഥിയാക്കാൻ ചെലുത്തിയ സമ്മർദം ഇത്തവണ ആർ.എസ്.എസിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. ജയസാധ്യത കുമ്മനത്തിനാണെന്നാണ് സംസ്ഥാനനേതൃത്വത്തെ ജില്ലാഘടകം അറിയിച്ചത്. കഴിഞ്ഞ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയെ മൂന്നാംസ്ഥാനത്തേയ്ക്കു തള്ളി കുമ്മനം രാജശേഖരൻ രണ്ടാമതെത്തിയെന്നതാണ് പാർട്ടികാണുന്ന ജയസാധ്യത.

തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ തിങ്കളാഴ്ച മുതിർന്ന നേതാക്കൾ പങ്കെടുത്ത കൂടിയാലോചന നടന്നിരുന്നു. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നോ മറ്റുരീതിയിൽ ആലോചിച്ചോ മൂന്നുപേർ വീതമുള്ള അന്തിമപട്ടിക അംഗീകരിക്കും. 30-നകം പത്രിക നൽകണമെന്നതിനാൽ പ്രഖ്യാപനം വൈകില്ല.

bbമത്സരിക്കില്ല

bbമത്സരിക്കില്ലെന്നു നേതൃത്വത്തെ അറിയിച്ചു. കേന്ദ്രഘടകത്തിന് അയയ്ക്കുന്ന പട്ടികയിലും എന്റെ പേരുണ്ടാകില്ല. സ്ഥാനാർഥിയാകാൻ സാധ്യതയുള്ളവരുടെ പേരുകൾ ചൊവ്വാഴ്ച കൈമാറും.

-പി.എസ്. ശ്രീധരൻപിള്ള, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ

Content Highlights: By Election;  BJP List today