Ravi Pillai
ഗുരുവായൂർ ക്ഷേത്രത്തിൽ ഡോ. ബി. രവിപിള്ള സ്വർണക്കിരീടം വഴിപാട് സമർപ്പിക്കുന്നു

ഗുരുവായൂർ: പ്രമുഖ വ്യവസായി ഡോ. ബി. രവിപിള്ള ക്ഷേത്രത്തിൽ സ്വർണക്കിരീടം വഴിപാടായി സമർപ്പിച്ചു. ഉന്നത നിലവാരമുള്ള മരതകക്കല്ല് പതിച്ച കിരീടം 728.550 ഗ്രാം തൂക്കമുള്ളതാണ്. ഇതിലെ 2.890 ഗ്രാം ഉള്ള മരതകക്കല്ലിന് ആറു ലക്ഷം വില വരും. കിരീടത്തിന് ഏഴേമുക്കാൽ ഇഞ്ച് ഉയരവും അഞ്ചേമുക്കാൽ ഇഞ്ച് വ്യാസവുമുണ്ട്. മുകൾഭാഗത്ത് സ്വർണത്തിൽ മയിൽപ്പീലികൾ കൊത്തിയിരിക്കുന്നു. ബുധനാഴ്ച രാവിലെയാണ് രവിപിള്ള ഭാര്യ ഗീത രവിപിള്ള, മകൻ ഗണേഷ് രവിപിള്ള എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി കിരീടം സമർപ്പിച്ചത്. മകൻ ഗണേഷിന്റെ വിവാഹമാണ് വ്യാഴാഴ്ച. ഗുരുവായൂരിൽ വെച്ചാണ് വിവാഹം.

ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.വി. ഷാജി, കെ. അജിത്, അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി തുടങ്ങിയവർ ഒപ്പമുണ്ടായി. പ്രമുഖ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾക്ക് കിരീടങ്ങളും ആടയാഭരണങ്ങളും നിർമിച്ചിട്ടുള്ള പാകുന്നം രാമൻകുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് കിരീടം പണിതത്.