തിരുവനന്തപുരം: ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഗണിച്ച് ബസുകളുടെ യാത്രാസമയം പുനഃക്രമീകരിക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദേശപ്രകാരം മോട്ടോര്‍വാഹനവകുപ്പിന്റെ വിദഗ്ധസമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കിലോമീറ്റര്‍ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ബസുകളുടെ യാത്രാസമയം നിശ്ചയിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും സ്റ്റോപ്പുകളുടെ ബാഹുല്യവുംകാരണം നിശ്ചിതസമയത്ത് ബസുകള്‍ ഓടിയെത്താന്‍ കഴിയാറില്ല. ഇത് അതിവേഗത്തിനും മത്സരയോട്ടത്തിനും ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശുപാര്‍ശ.

മലയോരമേഖലകളിലെ ബസുകള്‍ക്ക് നിലവിലുള്ള യാത്രാസമയം 25 ശതമാനം വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്.

ഗതാഗതക്കുരുക്ക്, റെയില്‍വേ ഗേറ്റുകള്‍, സിഗ്നല്‍ പോയന്റുകള്‍ എന്നിവ കണക്കിലെടുത്ത് ടൗണ്‍ ബസുകള്‍ക്ക് ഓരോ 20 കിലോമീറ്ററിനും നാലുമിനിറ്റും മറ്റുള്ളവയ്ക്ക് രണ്ടുമിനിറ്റും അധികം നല്‍കണം.

ഓര്‍ഡിനറി ബസുകളുടെ ദൈര്‍ഘ്യം 75 കിലോമീറ്ററായി ചുരുക്കണം. സ്വകാര്യബസുകള്‍ ഇത് മുതലെടുത്ത് ലാഭകരമായ ഭാഗത്ത് മാത്രമായി റൂട്ട് ചുരുക്കാനിടയുണ്ടെന്ന് പറയപ്പെടുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ രണ്ടായിരത്തോളം ഓര്‍ഡിനറി ബസുകളെ പുതിയനിര്‍ദേശം പ്രതികൂലമായി ബാധിക്കുമെന്ന് ആക്ഷേപമുണ്ട്.

വേഗം (ഒരു കിലോമീറ്ററില്‍)

സിറ്റി ബസുകള്‍

രണ്ടര മിനിറ്റ്

സ്റ്റോപ്പിന് 20 സെക്കന്‍ഡ് വീതം അധികസമയം

ഓര്‍ഡിനറി

രണ്ട് മിനിറ്റ്

സ്റ്റോപ്പിന് 20 സെക്കന്‍ഡ് വീതം അധികസമയം

ഫാസ്റ്റ്

1.75 മിനിറ്റ്

സ്റ്റോപ്പിന് 30 സെക്കന്‍ഡ്വീതം അധികസമയം

സൂപ്പര്‍ ക്‌ളാസ്

ഒന്നര മിനിറ്റ്

സ്റ്റോപ്പിന് 50 സെക്കന്‍ഡ് വീതം അധികസമയം