പത്തനാപുരം (കൊല്ലം) : കെ.എസ്.ആർ.ടി.സി. ബസിൽനിന്ന്‌ ഇറങ്ങുമ്പോൾ വാതിലിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങി വിദ്യാർഥി റോഡിൽ തലയിടിച്ചുവീണു. പത്തനാപുരം പൂങ്കുളഞ്ഞി തേവലക്കര പടിഞ്ഞാറേക്കരയിൽ അബ്ബാസിന്റെ മകൻ മുഹമ്മദ് നസീഫി(16)നാണ് പരിക്കേറ്റത്. കലഞ്ഞൂർ ഗവ. എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയായ മുഹമ്മദ് നസീഫ് പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

പത്തനാപുരം ആശുപത്രി ജങ്ഷനിൽ തിങ്കളാഴ്ച രാവിലെ 8.40-നായിരുന്നു സംഭവം. ഇവിടെ ബസ് ഇറങ്ങി പത്തനംതിട്ട ഭാഗത്തേക്കുള്ള ബസിലാണ് സ്കൂളിലേക്ക് പോകുന്നത്. ഇറങ്ങുന്നതിനിടെ വാതിലുമായി ബന്ധിച്ചിരുന്ന കയർ കഴുത്തിൽ കുരുങ്ങി റോഡിൽ വീണു. ഇതറിയാതെ ബസ് വിട്ടുപോയി. സമീപത്തെ കച്ചവടക്കാരും വഴിയാത്രക്കാരും ചേർന്നാണ് അബോധാവസ്ഥയിലായ വിദ്യാർഥിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്‌. പ്രാഥമിക ചികിത്സനൽകിയശേഷം പുനലൂർ താലൂക്കാശുപത്രിയിലാക്കി.