തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും പോലീസിന്റെ വീഴ്ച മറച്ചുവെക്കാനുമായി ഉദ്യോഗസ്ഥനീക്കം സജീവം. അപകടസമയത്തു വാഹനം ഓടിച്ചിരുന്നത് ആരെന്നറിയില്ലെന്നു രേഖപ്പെടുത്തിയ പ്രഥമവിവര റിപ്പോർട്ടുമുതൽ (എഫ്.ഐ.ആർ.) സഹയാത്രിക വഫ ഫിറോസിനെ കൂട്ടുപ്രതിയാക്കിയതുവരെ ശ്രീറാമിനെ രക്ഷിക്കാനാണെന്ന് സംശയം ബലപ്പടുത്തുന്നു.

വാഹനമോടിച്ചത് ആര്? ഉത്തരമില്ലാത്ത എഫ്.ഐ.ആർ.

അപകടമുണ്ടാക്കിയ കാർ ആരാണ് ഓടിച്ചിരുന്നതെന്ന് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടില്ല. ശ്രീറാമാണ് ഓടിച്ചിരുന്നതെന്നു ദൃക്‌സാക്ഷികളടക്കം മൊഴിനൽകിയിരുന്നു. പോലീസ് പറഞ്ഞതാകട്ടെ വഫയാണെന്നും. എന്നാൽ ഈ രണ്ടു പേരുകളും എഫ്.ഐ.ആറിലില്ല.

വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ മ്യൂസിയം പോലീസ് സ്റ്റേഷനുസമീപമായിരുന്നു അപകടം. രാവിലെ സ്റ്റേഷനിലെത്തിയ സെയ്ഫുദീൻ ഹാജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ 7.17-നാണ് എഫ.ഐ.ആർ. രേഖപ്പെടുത്തിയത്. അപകടം നടന്നശേഷം വഫയെ അപകടസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകാൻ പോലീസ് അനുവദിച്ചിരുന്നു. പിന്നീട് മാധ്യമപ്രവർത്തകർ പോലീസ് സ്‌റ്റേഷനിലെത്തിയശേഷമാണ് അവരെ വിളിച്ചുവരുത്തി രക്തപരിശോധന നടത്തിയത്. രക്തപരിശോധന ആദ്യം നടത്താതിരുന്നതിലുള്ള വീഴ്ച മറയ്ക്കാനാണ് വാഹനം ഓടിച്ചത് ആരെന്നറിയില്ലെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. പോലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷണമുണ്ടായാൽ ജോലിയിലുണ്ടായിരുന്ന പോലീസുകാർക്ക് രക്ഷപ്പെടാനുള്ള വഴിയായി ഇതും മാറിയേക്കും.

ദുർബലമാക്കാൻ കൂട്ടുപ്രതി

ആദ്യഘട്ടത്തിൽ ശ്രീറാമിനെതിരേ മൊഴിനൽകിയ വഫ പിന്നീട് മജിസ്‌ട്രേറ്റിന് മുന്നിലും രഹസ്യമൊഴി നൽകിയിരുന്നു. കോടതിയിൽ തെളിവുകളും സാക്ഷിമൊഴിയും പരിഗണിക്കപ്പെടുമ്പോൾ പ്രധാന സാക്ഷിയായ വഫ കൂട്ടുപ്രതിയായാൽ മൊഴി ദുർബലമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചിട്ടും നിരുത്സാഹപ്പെടുത്തിയില്ലെന്നുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് വഫയെ പ്രതിചേർത്തത്.

വകുപ്പുമാറ്റം ‘മനഃപൂർവം’

അപകടവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തുന്ന 304 എ വകുപ്പാണു ചുമത്തിയിട്ടുള്ളത്. എന്നാൽ, ഇത് ആദ്യം രേഖപ്പെടുത്തിയ എഫ്.ഐ.ആറാണെന്നും കോടതിയിൽ ഹാജരാക്കിയ അനുബന്ധ റിപ്പോർട്ടിൽ 304 ആക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു

Content Highlights:  Bureaucratic move to save sriram venkitaraman