കൊല്ലം: പതിനഞ്ചു കോഴികളെയും പത്തു മുയലുകളെയും വളർത്താൻ വേണ്ടത് ഒാരോ സെന്റ് ഭൂമി. ഒരു പശുവിനെയും നാല്‌ ആടുകളെയും നാലു പന്നികളെയും വളർത്താൻ വേണ്ടതും ഇത്രയും ഭൂമി. കർഷകർക്ക് കുരുക്കുതീർക്കുന്ന കെട്ടിടനിർമാണച്ചട്ടങ്ങളിലെ വ്യവസ്ഥകൾ ഇവിടെ തീരുന്നില്ല.

ആറു പശുക്കളെ വളർത്താൻ ലൈസൻസ്

ആറു പശുക്കളെയും ഇരുപതിൽക്കൂടുതൽ കോഴികളെയും വളർത്താൻ ലൈസൻസ് വേണം. ഉപജീവനത്തിനായി കോഴികളെയും താറാവുകളെയും കന്നുകാലികളെയും വളർത്തുന്നവർക്ക് ബാധ്യതയാവുന്ന ചട്ടങ്ങൾ മാറ്റണമെന്ന നിരന്തര ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചിട്ടുമില്ല. അടുത്തിടെ കൊണ്ടുവന്ന ഏക ഭേദഗതി ലൈസിൻസില്ലാതെ വളർത്താവുന്ന കോഴികളുടെ എണ്ണം 20-ൽനിന്ന് 30 ആക്കി എന്നത് മാത്രം.

കോഴിക്കൂട് അപകടകരമായ കെട്ടിടം

2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമാണച്ചട്ടം ജി-ഒന്നിലാണ് കോഴി-കന്നുകാലി വളർത്തൽ ഉൾപ്പെടുന്നത്. അപകടകരമായ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന കെട്ടിടങ്ങൾക്ക് ഏർപ്പെടുത്തിയ വ്യവസ്ഥകളാണിതിൽ വിവരിക്കുന്നത്. ഇതിൽ തന്നെയാണ് കോഴിക്കൂടുകളും തൊഴുത്തുകളും. ഈ ചട്ടമനുസരിച്ച് കോഴി, താറാവ്, കന്നുകാലി വളർത്തൽ എന്നിവ വ്യവസായമാണ്. എന്നാൽ, ഫാമുകളെ വ്യവസായമായി വ്യവസായ വകുപ്പ് പരിഗണിച്ചിട്ടുമില്ല.

2011-ലെ കേരള ഫാം ലൈസൻസിങ്‌ ചട്ടങ്ങൾ പഞ്ചായത്ത് കെട്ടിട നിർമാണച്ചട്ടങ്ങൾക്ക് കടകവിരുദ്ധമാണ്. ഇതനുസരിച്ച് നൂറു കോഴികളെയും ആറു പശുക്കളെയും ഇരുപത് ആടുകളെയും വളർത്താൻ ലൈസൻസുവേണ്ട. എന്നാൽ, 101 കോഴികളെ വളർത്തണമെങ്കിൽ മലിനീകരണ നിയന്ത്രണ ബോഡിന്റെയും അഗ്നിരക്ഷാ സേനാവിഭാഗത്തിന്റെയുമൊക്കെ ലൈസൻസ് വേണം. നാലുലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ തീപ്പിടിത്തം തടയുന്നതിനുള്ള സാമഗ്രികൾ വാങ്ങാനാവൂ. 101 കോഴികളെ വളർത്തണമെങ്കിൽ ഇത്രയും തുക അധികം കാണണം.

ഒരേക്കർ ഭൂമിയിൽ 30 സെന്റ് സ്ഥലത്ത് മാത്രമേ കോഴിഫാം പറ്റുകയുള്ളൂ. ഇതിന്റെ ഉയരം 3.6 മീറ്റർ വേണം. 1000 ചതുരശ്രമീറ്റർ വലുപ്പമുള്ള ഫാമിലേക്ക് അഞ്ചുമീറ്റർ വീതിയിൽ റോഡ് വേണം. റബ്ബർ കൃഷി നഷ്ടമായതിനാൽ തോട്ടങ്ങളിൽ ഫാമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിബന്ധന തിരിച്ചടിയായി.

Content Highlights: building construction rules creating difficulties to farm owners