കോഴിക്കോട്: പുലർച്ചെ രണ്ടുമണിയോടെ പുറംകടലിലെത്തിയപ്പോൾ, കടലിൽനിന്ന് സാധാരണ കേൾക്കാത്തൊരു ശബ്ദം... ചുറ്റും നോക്കി. ഒന്നും കാണുന്നില്ല.. ശ്രദ്ധിച്ചുനോക്കിയപ്പോൾ ഒരുപോത്ത്! അവർക്ക് അതിനെ ഉപേക്ഷിച്ചുപോരാൻ തോന്നിയില്ല. രക്ഷപ്പെടുത്തി കൂടെക്കൊണ്ടുപോന്നു. കോതിപ്പാലത്തുനിന്ന്‌ കടലിൽപ്പോയ മത്സ്യത്തൊഴിലാളികളാണ് പോത്തിന്റെ രക്ഷകരായത്.

‘‘ഒപ്പമുണ്ടായിരുന്ന തോണിയും ഞങ്ങളുടെ തോണിയും രണ്ടുമണിക്കൂറോളം ശ്രമിച്ചിട്ടും പോത്തിനെ അടുത്തെത്തിക്കാൻ കഴിഞ്ഞില്ല. പിന്നീട് തോണിയിലുണ്ടായിരുന്ന മുഹമ്മദ് റാസി കടലിൽച്ചാടി കയറുകൊണ്ട് കെട്ടിവലിച്ച് തോണിയിലേക്ക്‌ അടുപ്പിക്കുകയായിരുന്നു. ഒരു ജീവനല്ലേ, കടലിൽ ഇട്ടിട്ടുപോരാൻ തോന്നിയില്ല’’. തോണിയിലുണ്ടായിരുന്ന കോതി സ്വദേശി എ.ടി. ഫിറോസ് പറഞ്ഞു.

ബുധനാഴ്ച രാത്രി 12-ന് കോതിപ്പാലത്തുനിന്ന് പുറപ്പെട്ടതാണ് രണ്ടുതോണിയിലായി അഞ്ചംഗസംഘം. എട്ടുകിലോമീറ്റർ അകലെ മീൻപിടിക്കാനായി വലവീശിയിരുന്നെങ്കിലും പോത്തിന്റെ ജീവൻ രക്ഷിക്കാനായി പെട്ടെന്ന് കരയിലേക്ക് പോരുകയായിരുന്നു. പോത്ത് പലപ്പോഴും അനങ്ങാത്തതിനാൽ പലപ്രാവശ്യം തോണി നിർത്തി ജീവനുണ്ടോ എന്ന് നോക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ തിരിച്ച് കരയ്ക്കെത്തിച്ചപ്പോൾ എല്ലാവർക്കും സമാധാനമായി, മനസ്സ് നിറഞ്ഞു.

ഫിറോസും റാസിയും ഒപ്പമുണ്ടായിരുന്ന സക്കീറും സഹോദരങ്ങളാണ്. ഒപ്പം ഫുഹാദ്, ദിൽഷാദ് എന്നിവരടങ്ങിയതാണ് അഞ്ചംഗസംഘം.

കുറ്റിച്ചിറ ഭാഗത്തുനിന്ന് ബുധനാഴ്ച രാത്രി കാണാതായതാണെന്ന് പിന്നീട് മനസ്സിലായി. ഉടമസ്ഥൻ എത്തി പോത്തിനെ കൊണ്ടുപോയി.