കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാർഥി കെ. സുന്ദരയ്ക്ക് പത്രിക പിൻവലിക്കാൻ കൈക്കൂലി നൽകിയെന്ന പരാതിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പേരിൽ കേസ്. രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നാണ് കേസ്.

ഇന്ത്യൻ ശിക്ഷാ നിയമം 171(ബി) (തിരഞ്ഞെടുപ്പ് അവകാശം തടസ്സപ്പെടുത്താൻ കൈക്കൂലി നൽകുക), 171(ഇ) വകുപ്പ് പ്രകാരം ബദിയടുക്ക പോലീസാണ് കേസെടുത്തത്. കേസെടുക്കാൻ തിങ്കളാഴ്ച ഉച്ചയോടെ കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി.എ. അരുണിമ അനുമതി നൽകി. എന്നാൽ, കോടതിയുടെ അനുമതിയില്ലാതെ പ്രതിയെ അറസ്റ്റുചെയ്യാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി.വി. രമേശൻ നൽകിയ പരാതിപ്രകാരമാണ് കേസ്. കേസെടുക്കണമെന്ന അഭ്യർഥനയുമായി തിങ്കളാഴ്ച പരാതിക്കാരൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. പോലീസും അറസ്റ്റിന് അനുമതി തേടി അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല.

ബലമായി കാറിൽ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തി പണം നൽകിയെന്നുമുള്ള സുന്ദരയുടെ മൊഴി പ്രാഥമികാന്വേഷണ റിപ്പോർട്ടിലുണ്ട്. ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ഉൾപ്പെടുത്തും. കൊടകര കേസിൽ ചോദ്യംചെയ്യലിന് വിധേയനായ സുനിൽ നായിക്കാണ് പണം നൽകിയതെന്നാണ് സുന്ദരയുടെ മൊഴി. സുനിൽ നായിക്, സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരും കേസിൽ പ്രതികളാകുമെന്ന് പോലീസ് പറഞ്ഞു.