ബോവിക്കാനം: വീട്‌ പണയപ്പെടുത്തി നേടിയ വായ്പയുടെ ബലത്തിലാണ്‌ ഇരിയണ്ണി വിനായകഹോട്ടലിലെ കെ.സത്യനാഥനും ഭാര്യ ഗീതയും മകൾ കെ.സജിനിയുടെ ആഗ്രഹം നിറവേറ്റാനിറങ്ങിയത്‌. കോവിഡിനെ തുടർന്ന് ഏറെദിവസം ഹോട്ടൽ അടച്ചിടേണ്ടിവന്നതിനാൽ നാലുമാസമായി വായ്പതിരിച്ചടവും മുടങ്ങി. ഈ ആവലാതികൾക്കിടയിലും സന്തോഷാശ്രു തുടച്ച് അദ്ദേഹം പറയുന്നു- ‘സാരമില്ല. മകളുടെ ആഗ്രഹം സഫലമായല്ലോ. ഇന്നവൾ ഡോക്ടറല്ലേ.’ ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിറങ്ങിയ രണ്ടാമത്തെ എം.ബി.ബി.എസ്. ബിരുദധാരിണിയാണ് സജിനി. ഇരിയണ്ണിയിൽ വാടകക്കെട്ടിടത്തിലെ ഇടുങ്ങിയ ഒറ്റമുറിയിൽ ഹോട്ടൽ നടത്തുകയാണ് സത്യനാഥൻ. ഭാര്യ ഗീതയും സഹായത്തിനുണ്ട്. ഇരുവരും പുലർച്ചെ എഴുന്നേറ്റ് ദോശയും കറികളും വീട്ടിൽനിന്ന് തയ്യാറാക്കിയാണ് ഹോട്ടലിലെത്തുന്നത്. രാത്രി ഏഴുവരെ അവിടെയുണ്ടാകും. 22 വർഷമായി ഹോട്ടൽ നടത്തുന്ന ദമ്പതിമാർ ഇതിൽനിന്നുള്ള തുച്ഛമായ വരുമാനത്തിലാണ് കുടുംബം പുലർത്തുന്നത്.

സ്കൂളിൽ പഠിക്കുമ്പോഴേ ഡോക്ടറാകണമെന്നായിരുന്നു സജിനിയുടെ ആഗ്രഹം. എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. പ്ലസ് ടു വിന് മൂന്ന് വിഷയങ്ങൾക്കേ എ പ്ലസ് ലഭിച്ചുള്ളൂവെങ്കിലും മോഹം ഉപേക്ഷിക്കാൻ തയ്യാറായില്ല. എം.ബി.ബി.എസ്. പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് കോഴിക്കോട്ടെ പരിശീലനകേന്ദ്രത്തിൽ ചേർന്നു. ആദ്യ വർഷം റാങ്ക് പട്ടികയിൽ ഏറെ പിറകിലായിരുന്നു. രണ്ടാംതവണ എഴുതിയപ്പോൾ 2000-ന് താഴെ റാങ്ക് ലഭിച്ചു. മാർക്കിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട അടൂർ മൗണ്ട്‌ സിയോൺ മെഡിക്കൽ കോളേജിൽ പ്രവേശനം നേടി എം.ബി.ബി.എസ്. പൂർത്തിയാക്കി. സജിനിയുടെ സഹോദരൻ സജിത്ത് എൻജിനീയറിങ് ഡിപ്ലോമ നേടി കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്.