മയ്യിൽ: കണ്ണപുരം പാലത്തിനു സമീപം താമസിക്കുന്ന അവരക്കൽ മുസ്തഫ ഹാജിക്ക് വ്യാഴാഴ്ചയാണ് 60 വയസ്സ് പൂർത്തിയായത്. ചലഞ്ചുകളുടെ കാലത്ത് പിറന്നാൾ ദിനത്തിൽ മുസ്തഫ ഹാജിയെ തേടിയും ഒരു ചലഞ്ചെത്തി. ചലഞ്ചിന് മുന്നിട്ടിറങ്ങിയത് മുസ്തഫ ഹാജിയുടെ മകൻ സഹീദ്‌. 30 വർഷം മുമ്പ് അവന് ഒന്നര വയസ്സായിരുന്നു. ജീവിതപ്രാരബ്ധങ്ങൾക്കിടയിൽ അക്കാലത്ത് പിതാവ് വിറ്റ ബൈക്ക് തിരികെ വാങ്ങിയാണ് മകൻ പിറന്നാൾസമ്മാനം നൽകിയത്. അതിന്‌ നിമിത്തമായതാവട്ടെ പഴയ ഒരു ഫൊട്ടൊയും.

മൂന്ന് പതിറ്റാണ്ട് മുമ്പ് മകനൊപ്പം ബൈക്കിലിരിക്കുന്ന ഫൊട്ടൊ നോക്കി പിതാവ് എന്നും പറയാറുള്ള നല്ല കഥകളായിരുന്നു അവന്റെ മനസ്സുനിറയെ. ആ കഥകളാണ് ബൈക്ക് വീട്ടിൽ തിരിച്ചെത്തിക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. ‘ബൈക്കിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ അറിയാം ബാപ്പ അത് ഏറെ ആശിച്ച് സ്വന്തമാക്കിയതാണെന്ന്. ഇഷ്ടപ്പെട്ട ബൈക്ക് ഓടിച്ച് കൊതി തീരുംമുമ്പേ വിൽക്കേണ്ടി വന്നതിൽ അദ്ദേഹത്തിന് അതിയായ വിഷമമുണ്ടായിരുന്നു’-സഹീദ് പറയുന്നു.

ഏറെക്കാലത്തെ തിരച്ചിലിനൊടുവിലാണ് യമഹ ആർ.എക്സ്. 100 ബൈക്ക് സഹീദ് കണ്ടെത്തിയത്. 1990-ൽ പുത്തൻ ബൈക്ക് വീട്ടിലെത്തിച്ചപ്പോൾ ക്യാമറയിൽ പകർത്തിയ അതേ ദൃശ്യം പുനഃസൃഷ്ടിക്കുകയും ചെയ്തു. സഹീദിന്റെ മാതാവിന്റെ സഹോദരൻ അഷ്‌റഫ് മുക്കോത്തിനും അപൂർവനിമിഷങ്ങളിൽ അന്നും ഇന്നും കൂടെ നിൽക്കാനായി.

കണ്ണൂരിലെ ഷോറൂമിൽനിന്ന് 18,000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് 50,000 രൂപ നൽകിയാണ് മലപ്പുറം കൊണ്ടോട്ടിയിലെ മുഹമ്മദലി എന്ന ബിസിനസുകാരനിൽനിന്ന് തിരിച്ചുവാങ്ങിയത്. ബൈക്ക് കണ്ടെത്താൻ ആറുമാസത്തോളമാണ് അലഞ്ഞത്. വിദേശത്തായിരുന്ന സഹീദ് നാട്ടിലെത്തി ലോക്‌ഡൗണിൽ കുടുങ്ങുകയായിരുന്നു. അത് ബൈക്ക് കണ്ടെത്തുന്നതിന് നിർണായകമായി.

ആദ്യം കണ്ണൂരിലും പിന്നീട് കോഴിക്കോട്ടുമെത്തിയ ബൈക്ക് 15 വർഷം മുൻപാണ് മലപ്പുറത്തെത്തിയത്. ഗൾഫിൽ സഹീദിനൊപ്പമുണ്ടായിരുന്ന മലപ്പുറത്തെ സുഹൃത്തുക്കൾ, വാട്‌സാപ്പ് കൂട്ടായ്മകൾ, ആർ.ടി. ഓഫീസുകൾ എന്നിവ വഴിയാണ് ബൈക്കിനായി തിരച്ചിൽ നടത്തിയത്. ഒടുവിൽ നിലവിലെ ഉടമ വണ്ടി വിൽക്കാൻ തയാറാകാതെ വന്നപ്പോൾ പഴയ ഫൊട്ടൊയുമായി നിരവധി തവണ അഭ്യർഥിച്ചാണ് ബൈക്ക് തിരികെ വാങ്ങിയത്. മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രികളിൽ പബ്ലിക് റിലേഷൻസ് ഓഫീസറാണ് ഇപ്പോൾ മുസ്തഫ ഹാജി.

Content Highlight: Bought back the bike sold 30 years ago