ചിറ്റാരിപ്പറമ്പ്(കണ്ണൂർ): കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവെച്ച നാടൻ ബോംബ് കടിച്ചെടുത്ത രണ്ടു നായകളുടെ തല ചിതറിത്തെറിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചുണ്ട-അമ്മാറമ്പ് കോളനി റോഡിനു സമീപമാണ് സംഭവം. റബ്ബർത്തോട്ടത്തിലേക്കു പോകുകയായിരുന്ന യുവാവിന്റെ കൂടെപ്പോയ രണ്ടു നായകളാണ് ബോംബുപൊട്ടി ചത്തത്.

മുൻപേ പോയ നായ കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ നിലയിലുള്ള ബോംബ് കടിച്ചെടുത്തപ്പോളാണ് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ചത്. നായയുടെ തല ചിതറി ഉടലിൽനിന്നു വേർപെട്ട് പത്തു മീറ്റർ അകലെ തെറിച്ചുവീണു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും നോക്കിനിൽക്കെ രണ്ടാമത്തെ നായ അടുത്തുള്ള കുറ്റിക്കാട്ടിൽനിന്ന് മറ്റൊരു പൊതി കടിച്ചെടുത്തതോടെ വായിൽനിന്ന് ബോംബ് പൊട്ടുന്നതാണു കണ്ടത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കണ്ണവം പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്ത ഒരു ബോംബ് നിർവീര്യമാക്കി. ബോംബ് സ്ഫോടനത്തെത്തുടർന്ന് പുല്ലമ്പി കുഞ്ഞിക്കണ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ തൊഴിലുറപ്പ് പണി ഉപേക്ഷിച്ചു.

Content Highlights: Bombs exploded-The dogs head scattered