mathew abrahamഷൊര്‍ണൂര്‍: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എം.ബി.ബി.എസ്. വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തൃശ്ശൂര്‍ ചേലക്കര മുഖാരിക്കുന്ന് പാറയില്‍ ബേബിയുടെ മകന്‍ മാത്യു അബ്രഹാമിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. 

വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ട മാന്നനൂര്‍ തടയണയ്ക്ക് സമീപത്തുതന്നെ രാവിലെ ഏഴോടെ സമീപവാസികള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവിടെനിന്ന് ഷൊര്‍ണൂര്‍ റെയില്‍വേ പ്പാലത്തിന് സമീപത്തേക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് 4.30 ഓടെ ചേലക്കര സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. വിദ്യാര്‍ഥിയായ മാത്യു അബ്രഹാമും സുഹൃത്തുക്കളും ഭാരതപ്പുഴയിലേക്ക് പോയത്. പുഴയിലേക്കിറങ്ങുന്നതിനിടെ മാത്യു ഒഴുക്കില്‍ പ്പെടുകയായിരുന്നു. രണ്ടുദിവസത്തെ നീണ്ട തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

അമ്മ: പ്രീമ. സഹോദരങ്ങള്‍: ജോ അബ്രഹാം, മരിയ ട്രീസ അബ്രഹാം. മാത്യു അബ്രഹാമിനൊപ്പം ഒഴുക്കില്‍പ്പെട്ട ആലപ്പുഴ അമ്പലപ്പുഴ കരൂര്‍ വടക്കേപുളിക്കല്‍ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Content Highlights: Body of medical student recovered from Bharathapuzha