തിരുവനന്തപുരം: ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. മന്ത്രി കെ.എൻ.ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി. ജില്ലാ കളക്ടർ നവജ്യോത് ഖോസ, പാങ്ങോട് സൈനിക ക്യാമ്പിലെ അഡ്മിൻ കമാൻഡന്റ് കേണൽ മുരളീശ്രീധർ, സ്റ്റാഫ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ സോമേഷ് ഭട്‌നഗർ എന്നിവർ ചേർന്നാണ്‌ മൃതദേഹം സ്വീകരിച്ചത്. ഡൊമസ്റ്റിക് ടെർമിനലിനടുത്തുള്ള ശ്രദ്ധാഞ്ജലി സ്ഥാനിൽ സൈനിക ബഹുമതികൾ അർപ്പിച്ച ശേഷം മൃതദേഹം പാങ്ങോട് സൈനിക ആശുപത്രിയിലേക്കു കൊണ്ടുപോയി. മിലിട്ടറി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച സ്വദേശമായ കൊട്ടാരക്കരയിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിക്കും.