മാറനല്ലൂർ: “എന്റെ ഹൃദയമാണ് എന്റെ കവിതകൾ, കിട്ടിയവർ ദയവായി തിരികെ തരണം”. സാമൂഹികമാധ്യമത്തിലൂടെ അപേക്ഷിക്കുകയാണ് പെരുമ്പഴുതൂർ മേലേ കൊക്കോട് പുത്തൻവീട്ടിൽ ഉദയൻ കൊക്കോട്(45) എന്ന കവി.
കാഴ്ച തീരെക്കുറവായ ഇദ്ദേഹത്തിന്റെ കവിതകൾ എഴുതി സൂക്ഷിച്ചിരുന്ന പുസ്തകം നഷ്ടപ്പെട്ടുപോയി. ഇത് കിട്ടുന്നവർ തിരികെ ഏൽപ്പിക്കണമെന്നാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇദ്ദേഹത്തിന്റെ അപേക്ഷ. ഇദ്ദേഹത്തിന്റെ പല കവിതകളും സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
ഞായറാഴ്ചയാണ് മാറനല്ലൂർ-നെയ്യാറ്റിൻകര റോഡിൽ വണ്ടന്നൂർ പാപ്പാകോടിനു സമീപം പതിനഞ്ചോളം കവിതകളടങ്ങിയ പുസ്തകം നഷ്ടപ്പെട്ടത്. കവിതകളുടെ റെക്കോർഡിങ്ങിനായാണ് ഉദയൻ പാപ്പാകോട്ട് എത്തിയത്.
കാഴ്ച തീരെ കുറവായ ഇദ്ദേഹം കാറിൽനിന്നും ഇറങ്ങവേ കൈയിലുണ്ടായിരുന്ന ബാഗ് താഴേയ്ക്ക് വീണു. ബാഗ് എടുത്തെങ്കിലും പുസ്തകം നഷ്ടപ്പെട്ടതറിഞ്ഞത് റെക്കോർഡിങ് സ്ഥലത്ത് എത്തിയപ്പോഴാണ്. തിരികെവന്ന് കാറിലിറങ്ങിയ സ്ഥലത്ത് തിരഞ്ഞെങ്കിലും പുസ്തകം കണ്ടെത്താനായില്ല.
എഴുതിയ കവിതകൾ ഒന്നുംതന്നെ പകർത്തിവയ്ക്കാറിെല്ലന്നും എഴുതിയത് പിന്നീടൊരിക്കലും അതേ രീതിയിൽ കൊണ്ടുവരാൻ സാധിക്കിെല്ലന്നും ഉദയൻ പറയുന്നു. ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയാണ് പലപ്പോഴും ഇദ്ദേഹം കവിത എഴുതാറുള്ളത്. വാളയാർ പെൺകുട്ടികളെക്കുറിച്ചും ദുരഭിമാനക്കൊലയിലെ കെവിനെയും ക്രൂരമർദനത്തിനിരയായി മരിച്ച ആദിവാസി യുവാവ് മധുവിനെക്കുറിച്ചും ഉൾപ്പെടെ അറുപതോളം കവിതകൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്.
അവസാനമായി നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനെ തുടർന്നുണ്ടായ വിഷയത്തിൽ ആത്മഹത്യ ചെയ്ത ദമ്പതിമാരുടെ പേരിൽ എഴുതിയ ‘തീക്കനൽ’ എന്ന കവിത സാമൂഹികമാധ്യമത്തിൽ വൈറലായിട്ടുണ്ട്. ഒഡീഷയിൽ മാജി എന്നയാൾ ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോയ സംഭവത്തെ അധികരിച്ചെഴുതിയ ‘ഭാരമല്ലെന്റെ ഭാര്യയാണ്’ എന്ന കവിതയും സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.
എ.ടി.എം. കാർഡുകൂടി നഷ്ടപ്പെട്ടെങ്കിലും അത് തിരിച്ചെടുക്കാൻ സാധിക്കുമെന്നതുകൊണ്ട് പ്രയാസമിെല്ലന്നും കവിതയടങ്ങിയ ബുക്ക് കണ്ടുകിട്ടുന്നവർ അത് തിരികെ ഏൽപ്പിക്കണമെന്നുമാണ് ഉദയൻ വേദനയോടെ ആവശ്യപ്പെടുന്നത്. കവിയുടെ ഫോൺ നമ്പർ: 9061648036.