തൊടുപുഴ: മൂലമറ്റം വൈദ്യുതനിലയത്തിൽ പൊട്ടിത്തെറിയുണ്ടായ സമയത്ത് ഇവിടെ ജീവനക്കാരുണ്ടായിരുന്നെങ്കിലും ജനറേറ്ററിന്റെ സമീപം ആരുമുണ്ടായിരുന്നില്ല. അപകടം ഉണ്ടായപ്പോൾത്തന്നെ ‘എമർജൻസി സ്വിച്ച് ഓഫ്’ കൊടുത്ത് ആറ് ജനറേറ്ററുകളുടെ പ്രവർത്തനവും നിർത്തി.

നിലയത്തിലേക്ക് വൈദ്യുതിയെത്തിക്കുന്ന സംവിധാനമുള്ള (ഓക്സിലേറ്ററി സംവിധാനം) ജനറേറ്ററാണിത്. അതുകൊണ്ടുതന്നെ പൊട്ടിത്തെറിയുണ്ടായപ്പോൾ നിലയത്തിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. നിലയത്തിൽ വലിയതോതിൽ പുകനിറഞ്ഞു. മൂലമറ്റം അഗ്നിരക്ഷാസേനയിലെ രണ്ട് യൂണിറ്റുകൾ ഉടൻ വൈദ്യുതനിലയത്തിലെത്തി. കാഞ്ഞാർ പോലീസും എത്തി. ജനറേഷൻ ചീഫ് എൻജിനിയർ സിജി ജോസിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും പരിശോധന തുടർന്നു.

നാലാംനമ്പർ ജനറേറ്ററിന്റെ തകരാർ പരിഹരിച്ചും സമീപത്തുള്ള മൂന്നാംനമ്പർ ജനറേറ്റർ വിശദമായി പരിശോധിച്ചും കഴിഞ്ഞേ പ്രവർത്തിക്കൂ. 11 കെ.വി. ലൈനിലുണ്ടായ പ്രശ്നമാണ് പൊട്ടിത്തെറിക്കുകാരണമായതെന്നാണ്‌ നിഗമനം.

പുറത്തുനിന്ന് കിട്ടുന്ന വൈദ്യുതി കുറവായതിനാൽ കുറച്ചുദിവസമായി പവർഹൗസിലെ ആറുജനറേറ്ററുകളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. 12 ദശലക്ഷം യൂണിറ്റ് വൈദ്യുതി ശരാശരി ഉത്‌പാദിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ആഭ്യന്തര ഉത്‌പാദനത്തിന്റെ പകുതിയും പവർഹൗസിലാണ്‌ നടന്നത്. നിലയത്തിൽ 19.2 ദശലക്ഷം യൂണിറ്റ് വൈദ്യുതിവരെ ഒരുദിവസം ഉത്‌പാദിപ്പിക്കാം.

2011 ജൂൺ 20-നുണ്ടായ പൊട്ടിത്തെറിയിൽ സബ് എൻജിനിയർ മരിച്ചിരുന്നു. 2020 ജനുവരി 20-നും ഫെബ്രുവരി ഒന്നിനും ജനറേറ്ററുകൾ തകരാറിലായിരുന്നു.