തൃശ്ശൂർ: കൊടകരയിൽ കവർന്ന 3.5 കോടിയുടെ കുഴൽപ്പണം ബി.ജെ.പി. നേതാക്കളുടെ അറിവോടെ കൊണ്ടുവന്നതാണെന്ന് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി. പോലീസ് കണ്ടെടുത്ത പണവും കാറും വിട്ടുകിട്ടാനുള്ള ധർമരാജന്റെയും സുനിൽ നായിക്കിന്റെയും ഹർജിക്കെതിരായി കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പണം ബി.ജെ.പി.യുടേതാണെന്നും ആലപ്പുഴ ജില്ലാട്രഷറർ കെ.ജി. കർത്തായ്ക്കുനൽകാനാണ്‌ കൊണ്ടുവന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പ് ആവശ്യത്തിനായാണു പണം കൊണ്ടുവന്നത്. അന്വേഷണം തുടരുകയാണ്. കൂടുതൽ പണം കണ്ടെടുക്കാനുണ്ട്. പണത്തിന്റെ വരവുസംബന്ധിച്ച് സംസ്ഥാനതലത്തിലുള്ള ബി.ജെ.പി. നേതാക്കൾക്കുവരെ അറിവുണ്ടെന്ന മൊഴിയും തെളിവുകളും ലഭിച്ചിട്ടുണ്ട്. അതിനാൽ വ്യാജരേഖയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന ഹർജി തള്ളണമെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

പണം വിട്ടുകിട്ടാനായി ഉണ്ടാക്കിയ ബിസിനസ് ആവശ്യം കെട്ടുകഥയാണെന്നും റിപ്പോർട്ടിൽ പറയുന്നു.