കുണ്ടറ: ബി.ജെ.പി.പ്രവർത്തകനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെറുമൂട് കണ്ണമ്പലത്തുവീട്ടിൽ വിരമിച്ച സൈനികൻ ഉദയകുമാർ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ വീടിന്റെ വരാന്തയിലാണ് ഉദയകുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. പോലീസ് കള്ളക്കേസിൽ കുടുക്കിയതാണ് ആത്മഹത്യക്കുകാരണമെന്ന് ബി.ജെ.പി. ആരോപിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചെറുമൂട് 19-ാം വാർഡിലെ ബി.ജെ.പി. സ്ഥാനാർഥിയുടെ വിജയാഹ്ലാദപ്രകടനത്തിനിടെ സി.പി.എം. പ്രാദേശികനേതാവിന്റെ വീട്ടിനുമുന്നിൽ പടക്കംപൊട്ടിച്ചതിന് പോലീസ് നാലുപേരുടെപേരിൽ കേസെടുത്തിരുന്നു. കോടതിയിൽ നൽകിയ പേരുകളിൽ ഉദയകുമാർ ഉണ്ടായിരുന്നില്ല. പിന്നീട് ഉദയകുമാറിന്റെപേരിലും കേസെടുത്തു.
ഉദയകുമാർ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതായി പറയുന്നു. ജോലിലഭിക്കാതിരിക്കാൻ സി.പി.എം. പ്രവർത്തകന്റെ പ്രേരണയിൽ കള്ളക്കേസെടുക്കുകയായിരുന്നെന്ന് ബി.ജെ.പി.നേതാക്കൾ ആരോപിച്ചു.
എന്നാൽ കുടുംബകലഹമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഭാര്യ ജോലിചെയ്യുന്ന ഓഫീസിൽ കത്തിയുമായെത്തി ആക്രമണത്തിന് ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു.
മൃതദേഹം കോവിഡ് പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കുമാറ്റി. കെ.എസ്.എഫ്.ഇ. കൊല്ലം ബ്രാഞ്ച് ജീവനക്കാരി പ്രീതാമോളാണ് ഭാര്യ. മക്കൾ: ദേവിക, ദേവർഷ്.
ഉദയകുമാറിന്റെ മരണത്തിനു കാരണക്കാരായവരെ പിടികൂടിയില്ലെങ്കിൽ സമരമാരംഭിക്കുമെന്ന് ബി.ജെ.പി.നേതാക്കൾ അറിയിച്ചു.