തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് ബി.ജെ.പി. അടിമുടി മാറ്റത്തിനൊരുങ്ങുന്നു. ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകാൻ അഞ്ചംഗ ഉപസമിതിയെ ഞായറാഴ്ച കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റിയോഗം തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ, വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ എന്നിവരെത്തന്നെയാണ് ഉപസമിതി അംഗങ്ങളായും തിരഞ്ഞെടുത്തത്. സമിതിയുടെ ആദ്യയോഗം ചൊവ്വാഴ്ച ചേരും. ഇത്തവണ ഗാന്ധിജയന്തി വിപുലമായി ആഘോഷിക്കാനും കോർ കമ്മിറ്റി തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ ചുമതലപ്പെടുത്തിയ സമിതിയുടെ റിപ്പോർട്ടാണ് ഞായറാഴ്ച കോർ കമ്മിറ്റി പരിഗണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി സംവിധാനത്തിൽ കാതലായ മാറ്റംവരുത്താൻ തീരുമാനിച്ചത്. പ്രവർത്തന സൗകര്യത്തിന് മണ്ഡലം കമ്മിറ്റികൾ വിഭജിക്കണമെന്നു നേരത്തേ ആവശ്യം ഉയർന്നിരുന്നു. ചില ജില്ലകളിലെ അധ്യക്ഷന്മാർക്കും മാറ്റം വന്നേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ 17 മുതൽ ഒക്ടോബർ ഏഴുവരെ പാർട്ടി വിവിധ പരിപാടികൾ നടത്തും. ഗാന്ധിജയന്തിയുടെ ഭാഗമായി പദയാത്രയുൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കേരളത്തിൽ ഗാന്ധി സന്ദർശിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ചും പരിപാടികൾ നടത്തും.