കേന്ദ്രത്തിൽ ഭരണത്തിലെത്തി വർഷങ്ങൾ കഴിഞ്ഞിട്ടും കേരളത്തിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാൻ ഇതുവരെ ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴാണെങ്കിൽ സ്ഥാനങ്ങളുടെയും പരിഗണനകളുടെയും പേരിൽ പാർട്ടിയിൽ സംഘർഷം മൂർധന്യത്തിലുമാണ്. ഇത്തവണ ചിത്രം മാറുമെന്ന് എല്ലാ തിരഞ്ഞെടുപ്പുവേളകളിലും ബി.ജെ.പി. നേതാക്കളുടെ വാദങ്ങളും പതിവ്. എങ്കിലും ഓരോ തിരഞ്ഞെടുപ്പിലും വോട്ടുവിഹിതം കൂട്ടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. വീണ്ടും രണ്ട് തിരഞ്ഞെടുപ്പുകൾ മുന്നിൽനിൽക്കെ ബി.ജെ.പി.യുടെ വോട്ടുവിഹിതം എങ്ങനെ മാറുമെന്നും അത് എങ്ങനെ തങ്ങളെ ബാധിക്കുമെന്നുമുള്ള ആശങ്കയിലാണ് ഇരുമുന്നണിയും. അതേസമയം, അവരെക്കാളേറെ ആശങ്ക ബി.ജെ.പി. നേതൃത്വത്തിനുമുണ്ട്.

അഞ്ചും ആറും ശതമാനത്തിലായിരുന്ന ബി.ജെ.പി.യുടെ വോട്ടുവിഹിതം 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് പത്തുശതമാനം കടക്കുന്നത്. സംസ്ഥാനത്തെ ശരാശരി വോട്ടുവിഹിതം 10.9 ശതമാനമായി. അന്ന് യു.ഡി.എഫ്. 42.2 ശതമാനത്തോടെ 12 സീറ്റ് നേടി. 40.18 ശതമാനം നേടിയ ഇടതുമുന്നണിയുടെ നേട്ടം എട്ടുസീറ്റായിരുന്നു. എന്നാൽ, കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ (2016) ബി.ജെ.പി.യുടെ വോട്ട് 15.01 ശതമാനവും ഒരു സീറ്റുമായിരുന്നു. യു.ഡി.എഫിന്റെ വോട്ടാകട്ടെ 38.84 ശതമാനവും 47 സീറ്റുമായി കുറഞ്ഞു. 90 സീറ്റുമായി ഭരണത്തിലെത്തിയ ഇടതുമുന്നണിയുടെ വോട്ട് വിഹിതം 43.33 ശതമാനമായി ഉയരുകയും ചെയ്തു.

എന്നാൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ (2019) ചിത്രം വീണ്ടും മാറി. ബി.ജെ.പി.യുടെ വോട്ടുവിഹിതം അൽപ്പം കൂടിയെന്നതൊഴിച്ചാൽ നേട്ടമൊന്നും ഉണ്ടായില്ല. അവരുടെ വോട്ടുകൾ 15.56 ശതമാനമായി ഉയർന്നു. അതേസമയം, ഇടതുമുന്നണിയുടെ വോട്ടുവിഹിതം 35.15 ശതമാനവും ഒരു സീറ്റുമായി കുത്തനെ ഇടിഞ്ഞു. നേട്ടം യു.ഡി.എഫിനുതന്നെയായിരുന്നു. 19 സീറ്റ് നേടിയ അവരുടെ വോട്ട് വിഹിതം ഒമ്പതുശതമാനത്തിലേറെയാണ് കൂടിയത് - 47.34. സമീപകാലത്ത് കേരളത്തിൽ ഒരു മുന്നണി നേടുന്ന ഏറ്റവും വലിയ വോട്ടുവിഹിതംതന്നെയായി അത്.

2015-ലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പിൽ ബി.ജെ.പി. ചില ജില്ലകളിൽ മുമ്പൊരിക്കലും ഇല്ലാത്തവിധം വോട്ടുകൾ നേടിയിരുന്നു. ഇത്തവണയും അത് ആവർത്തിക്കുമെന്നും ചിലയിടങ്ങളിൽ പുതുതായി ഭരണം പിടിക്കുമെന്നുമാണ് ബി.ജെ.പി.യുടെ പ്രഖ്യാപനം. 2015-ലെ ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം (17.46), തൃശ്ശൂർ (17.07), കാസർകോട് (19.59) എന്നിങ്ങനെയായിരുന്നു മുന്നിൽനിന്ന ജില്ലകളിലെ കണക്ക്. ഇത്തവണയും ഇവിടങ്ങളിലാണ് ബി.ജെ.പി.യുടെ വലിയ പ്രതീക്ഷകൾ. തിരുവനന്തപുരം (156), ആലപ്പുഴ (105), തൃശ്ശൂർ (102), കാസർകോട് (108) എന്നിങ്ങനെ ഗ്രാമപ്പഞ്ചായത്തുകളിലെ വാർഡുകളിൽ ജയിക്കുകയും ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിലും മികച്ച വിജയംനേടി. എന്നാൽ, ഏറെ ആവേശത്തോടെ രംഗത്തിറങ്ങിയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയങ്ങളോ നേട്ടങ്ങളോ അവർക്ക് ഉണ്ടാക്കാനുമായില്ല.