കൊല്ലം: ബി.ജെ.പി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശനെ നീക്കാൻ സാധ്യത. ജൂലായിൽ ചേരുന്ന ആർ.എസ്.എസ്. സംസ്ഥാന വാർഷിക സമിതിയാണ് തീരുമാനമെടുക്കേണ്ടത്. ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ താത്പര്യംകൂടി പരിഗണിച്ചാവും തീരുമാനം. കൊടകര സംഭവം, സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയ സാഹചര്യം, പരിഹരിക്കാനാവാത്ത സംഘടനാ പ്രശ്നങ്ങൾ തുടങ്ങിയവയിലെല്ലാം പാർട്ടിക്കും പരിവാറിനുമുള്ളിൽ ഗണേശനെതിരേ രൂക്ഷവിമർശനം ഉയർന്നിട്ടുണ്ട്.

ബി.ജെ.പി.യിലേക്ക് ആർ.എസ്.എസ്. നിയോഗിക്കുന്നവരാണ് സംഘടനാ സെക്രട്ടറിമാർ. ആർ.എസ്.എസ്. പ്രചാരകരായ എം. ഗണേശൻ സംഘടനാ ജനറൽ സെക്രട്ടറിയും കെ. സുഭാഷ് സംഘടനാ സെക്രട്ടറിയുമാണിപ്പോൾ. ഇവർ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ നേരത്തേത്തന്നെ ചർച്ചയായിരുന്നു. സുഭാഷ് കുറേക്കാലമായി പ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയുമാണ്.

എം. ഗണേശനെ മറ്റേതെങ്കിലും പരിവാർ സംഘടനയിലേക്കു ചുമതലപ്പെടുത്താനാണു സാധ്യത. കെ. സുഭാഷിനെ ആർ.എസ്.എസ്. ചുമതലയിലേക്കു മടക്കിക്കൊണ്ടുവരുമെന്നും പറയുന്നു. ഡൽഹിയിൽ സംഘടനാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന മലയാളിയായ സിദ്ധാർഥിനെ കേരളത്തിലേക്കു നിയോഗിക്കാൻ കേന്ദ്ര നേതൃത്വത്തിന് ആലോചനയുണ്ട്. മുതിർന്ന ആർ.എസ്.എസ്. പ്രചാരകരായ എ. ജയകുമാർ, കെ. സുദർശൻ എന്നിവരിലൊരാളെ സംഘടനാ സെക്രട്ടറിയായി നിയോഗിക്കുമെന്നു സൂചനയുണ്ട്.