കൊച്ചി: ഇരു ഗ്രൂപ്പുകളും തങ്ങളുടെ ആളുകൾക്കുവേണ്ടി കടുംപിടിത്തവുമായി നിൽക്കുമ്പോൾ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനിയമനം അനിശ്ചിതമായി നീളുന്നു. സംസ്ഥാനത്തെ ഗ്രൂപ്പുകളുടെ അതിപ്രസരം എങ്ങനെ തടയാമെന്ന ആലോചനയിലാണ് ദേശീയാധ്യക്ഷൻ അമിത് ഷാ.

കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയപ്പോഴും പുതിയ ആളെ കണ്ടെത്താൻ ദേശീയ നേതൃത്വം കുഴങ്ങിയിരുന്നു. ഗ്രൂപ്പുകളിൽനിന്ന് പാർട്ടിയെ രക്ഷിക്കുന്നതിന്റെ ഭാഗമായി അന്ന് പി.എസ്. ശ്രീധരൻപിള്ളയ്ക്ക് ഒരു അവസരംകൂടി കൊടുക്കുകയായിരുന്നു. ഇക്കുറിയും ഗ്രൂപ്പുകളെ ഒഴിവാക്കാനുള്ള ചിന്തയിലാണ് ദേശീയ നേതൃത്വം. അപ്പോൾ ഇരു ഗ്രൂപ്പിലുമില്ലാത്ത ശോഭാ സുരേന്ദ്രന് നറുക്ക് വീണേക്കുമെന്ന ചർച്ചകൾ പാർട്ടിയിലുണ്ട്.

കൃഷ്ണദാസ് പക്ഷവും മുരളീധരൻ വിഭാഗവും തങ്ങളുടെ ആളുകൾക്കുവേണ്ടി കടുത്ത സമ്മർദമാണ് ദേശീയ നേതൃത്വത്തിനുമേൽ ചെലുത്തുന്നത്. എ.എൻ. രാധാകൃഷ്ണൻ അല്ലെങ്കിൽ എം.ടി. രമേശ് എന്ന് കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രൻ മതിയെന്ന് മുരളീധരൻ വിഭാഗവും ശക്തമായി വാദിക്കുന്നു.

സി.പി.എമ്മിന്റെ കോട്ടയിൽ പാർട്ടിയെ വളർത്തേണ്ടത് അമിത് ഷാ വെല്ലുവിളിയായി എടുത്തിരിക്കുകയാണ്. ഇവിടെ പാർട്ടിയുടെ വളർച്ച തടയുന്ന പ്രധാനഘടകം ഗ്രൂപ്പാണെന്ന് അമിത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ആൾ പ്രസിഡന്റായാൽ മറുവിഭാഗം അതൃപ്തിയോടെമാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന ആശങ്കയും ദേശീയ നേതൃത്വത്തിനുണ്ട്.

പരിവാർ പ്രസ്ഥാനങ്ങളുടെ തലപ്പത്തുള്ള ചിലരുടെ പേരുകൾ ആദ്യം പരിഗണനയ്ക്കുവന്നിരുന്നു. എന്നാൽ, ഗ്രൂപ്പുകളുടെ പടവെട്ടലിൽ പിടിച്ചുനിൽക്കാൻ അവർക്കു പറ്റിയേക്കില്ലെന്ന വിലയിരുത്തലിൽ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പി.എസ്. ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ എന്നിവരെപ്പോലെ ഗ്രൂപ്പിനതീതമായി പ്രവർത്തിക്കാൻ കഴിയുന്ന നേതാവിനായുള്ള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. അത് ശോഭാസുരേന്ദ്രന് അനുകൂലമായേക്കുമെന്ന് കരുതുന്നവരുമുണ്ട്.

കേന്ദ്രനേതൃത്വത്തിന്റെ പ്രത്യേക പരിഗണനയുടെ ഭാഗമായാണ് പാർട്ടി അംഗത്വ കാമ്പയിന്റെ ദക്ഷിണേന്ത്യയിൽനിന്നുള്ള കോ-കൺവീനറായി ശോഭാ സുരേന്ദ്രനെ പരിഗണിച്ചത്. നാലുമാസത്തിലധികമായി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണവർ. അതും ശോഭയുടെ വരവിന് വഴിതുറക്കുന്നുണ്ട്.

തിരഞ്ഞെടുപ്പുകളിൽ ശോഭയുടെ ട്രാക് റെക്കോഡുകളും ഗുണകരമായേക്കും. മത്സരിച്ച ഇടങ്ങളിലെല്ലാം പാർട്ടിവോട്ടുകളിൽ വലിയ വർധനയുണ്ടാക്കാൻ കഴിഞ്ഞത് ശോഭയെ കേന്ദ്രത്തിന്റെ ‘ഗുഡ്ബുക്കിൽ’ എത്തിച്ചിട്ടുണ്ട്. എന്നാൽ, പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ അഭിപ്രായം ശോഭയുടെ കാര്യത്തിൽ നിർണായകമായിരിക്കും. സംസ്ഥാനത്തെ രണ്ട് മുതിർന്ന നേതാക്കൾ ശോഭയ്ക്ക് അനുകൂലമായി അദ്ദേഹത്തോടു സംസാരിച്ചിട്ടുണ്ട്.

content highlights:bjp state president shobha surendran