തിരുവനന്തപുരം: പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എസ്.എസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ബി.ജെ.പി.നേതൃത്വത്തെ വലയ്ക്കുന്നു. ആർ.എസ്.എസ്. നേതൃത്വത്തിന്റെ അറിവില്ലാതെ കുമ്മനം രാജശേഖരനെ അധ്യക്ഷപദത്തിൽനിന്ന് നീക്കിയതാണ് പ്രതിസന്ധിക്ക്‌ പ്രധാന കാരണം.

ബി.ജെ.പി. അധ്യക്ഷനെ നിശ്ചയിക്കുന്നതിൽ ഇടപെടേണ്ടതില്ലെന്ന നിലപാടിൽ സംസ്ഥാനത്തെ ആർ.എസ്.എസ്. നേതാക്കൾ ഉറച്ചുനിൽക്കുകയാണ്. അനുനയ ചർച്ചയ്ക്കെത്തിയ, കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിനോടും ആർ.എസ്.എസ്. നേതാക്കൾ ഈ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി.

ചൊവ്വാഴ്ച പാലക്കാട്ടെത്തിയ ബി.എൽ. സന്തോഷ്, ആർ.എസ്.എസ്. പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാർ, പ്രാന്ത കാര്യവാഹ് ഗോപാലൻകുട്ടി, സഹ പ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണൻ എന്നിവരുമായാണ് ചർച്ച നടത്തിയത്. എന്നാൽ, തീരുമാനമെടുക്കാനായില്ല.

ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറിമാരെയും കൂടിക്കാഴ്ചയ്ക്ക് സന്തോഷ് ക്ഷണിച്ചിരുന്നു. എന്നാൽ, കെ. സുരേന്ദ്രൻ മാത്രമാണ് എത്തിയത്. എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കാതിരുന്നത് ആർ.എസ്.എസ്. നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് സൂചന.

കുമ്മനം രാജശേഖരനെ ആർ.എസ്.എസ്. നിർദേശപ്രകാരമാണ് ബി.ജെ.പി. അധ്യക്ഷനാക്കിയത്. അദ്ദേഹത്തെ ഒഴിവാക്കിയതിനു വിശദീകരണം നൽകണമെന്നാണ് ആർ.എസ്.എസ്. നേതൃത്വത്തിന്റെ ആവശ്യം. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്‌ അവർ കത്തെഴുതിയിരുന്നു.

കുമ്മനത്തെ ഗവർണറായി നിയമിച്ച് പകരം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അധ്യക്ഷനായി നിയമിക്കാനായിരുന്നു പാർട്ടി കേന്ദ്രനേതൃത്വത്തിലുണ്ടായ ധാരണ. എന്നാൽ, സുരേന്ദ്രനെ അംഗീകരിക്കില്ലെന്ന് ആർ.എസ്.എസ്. അമിത് ഷായെ അറിയിച്ചു. പാർട്ടിയിലെ പ്രശ്നങ്ങൾ സങ്കീർണമായതോടെയാണ് എച്ച്. രാജ, നളിൻകുമാർ കട്ടീൽ എന്നീ കേന്ദ്രനേതാക്കളെ ചർച്ചകൾക്കായി അമിത് ഷാ കേരളത്തിലേക്കയച്ചത്.

സുരേന്ദ്രനെ എതിർക്കുന്ന പി.കെ. കൃഷ്ണദാസ്-എം.ടി. രമേശ് പക്ഷം പാർട്ടി അധ്യക്ഷനായി നേതാക്കളുടെ മുന്നിൽവെച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ പേരാണ്. രാധാകൃഷ്ണൻ, സുരേന്ദ്രൻ എന്നിവർക്കൊപ്പം പി.എസ്. ശ്രീധരൻപിള്ളയുടെ പേരും കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. എന്നാൽ, ആർ.എസ്.എസിന്റെ അഭിപ്രായം അവഗണിച്ച് പാർട്ടി പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ ബി.ജെ.പി. നേതൃത്വത്തിനാവില്ല; തങ്ങളുടെ സഹായം ആവശ്യമില്ലെങ്കിൽ പാർട്ടി ചുമതലകളിലുള്ള ആർ.എസ്.എസ്. നേതാക്കളെ പിൻവലിച്ചേക്കാം എന്ന മുന്നറിയിപ്പ് നേതൃത്വം ബി.ജെ.പി. നേതാക്കളെ അറിയിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.

ബി.ജെ.പി.യുടെ ഭരണഘടന അനുസരിച്ച് അധ്യക്ഷൻ രാജിവെച്ചാൽ സംസ്ഥാന സമിതി തന്നെ ഇല്ലാതാകും. കുമ്മനം സ്ഥാനമൊഴിഞ്ഞിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. ഫലത്തിൽ കേരളത്തിൽ ബി.ജെ.പി.ക്ക്‌ ഇപ്പോൾ സംസ്ഥാന സമിതിയില്ലാത്ത അവസ്ഥയാണ്.