കൊല്ലം : ജനറൽ സെക്രട്ടറിമാർ അടക്കമുള്ള ഭാരവാഹികളെ ഉൾപ്പെടുത്തി ബി.ജെ.പി. ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്നു. പ്രസിഡന്റുമാരെ മാറ്റിയ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിൽ പുതിയ ഒരു ജനറൽ സെക്രട്ടറിയെങ്കിലും വരും. മറ്റുചില ജില്ലകളിലും ഭാരവാഹിത്വത്തിൽ കാതലായ മാറ്റമുണ്ടാകുമെന്നാണ് സൂചന.

പ്രവർത്തിക്കാത്ത നേതാക്കളെ മാറ്റി പുതിയ ആളുകളെ തലപ്പത്തേക്കു കൊണ്ടുവരുമെന്നാണ് കെ.സുരേന്ദ്രനുമായി അടുപ്പമുള്ളവർ പറയുന്നത്. സംസ്ഥാന കോർ കമ്മിറ്റിയും ഭാരവാഹിയോഗവും ചേർന്നശേഷമായിരിക്കും അന്തിമതീരുമാനം. ജില്ലാ കോർ കമ്മിറ്റികളുടെ അഭിപ്രായവും ഭാരവാഹിമാറ്റത്തിൽ പരിഗണിക്കും. എന്നാൽ സുരേന്ദ്രന്റെ നടപടിയോട് എതിർപ്പുള്ള കൃഷ്ണദാസ് പക്ഷവും മുതിർന്ന നേതാക്കളുടെ കൂട്ടായ്മയും നിസ്സഹകരണത്തിലാണ്. കോർ കമ്മിറ്റി തീരുമാനങ്ങൾ മുഖവിലയ്ക്കെടുക്കാതെ സുരേന്ദ്രൻ ഏകപക്ഷീയമായി ജില്ലാ പ്രസിഡന്റുമാരെ മാറ്റിയതിലുള്ള പ്രതിഷേധം ഇപ്പോഴും അടങ്ങിയിട്ടില്ല.

സംഘടനാ തിരഞ്ഞെടുപ്പുവേളയിൽ കൃഷ്ണദാസ് പക്ഷത്തിന് മേൽക്കൈലഭിച്ച കോട്ടയമടക്കുള്ള ജില്ലകളിൽ ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെയും മറ്റും പേരുപറഞ്ഞ് മറ്റുള്ളവരെ നിയമിക്കുകയായിരുന്നു. ഇവിടങ്ങളിൽ ഇപ്പോൾ പ്രസിഡന്റുമാരെ മാറ്റിയപ്പോൾ പഴയ മാനദണ്ഡങ്ങൾ പാലിക്കാതെ ‘പിൻവാതിൽ നിയമനം’ നടത്തുകയായിരുന്നെന്നും അവർ ആരോപിക്കുന്നു. നിലവിൽ കൃഷ്ണദാസ് പക്ഷത്തിന് ആധിപത്യമുള്ള മേഖലാ കമ്മിറ്റികളിലും ഭാരവാഹികളെ മാറ്റുമെന്നാണ് സൂചന.

ജില്ലാ, മണ്ഡലം തല പുനഃസംഘടനയ്ക്ക് കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി ലഭിച്ചെന്നാണ് സുരേന്ദ്രൻ പക്ഷം പറയുന്നത്. നിയോജകമണ്ഡലം കമ്മിറ്റികൾ വിഭജിച്ച് രണ്ട് കമ്മിറ്റികളാക്കുന്ന പ്രവർത്തനവുമായി മുന്നോട്ടുപോകുമെന്നും അവർ പറയുന്നു. 75 മുതൽ 100 വരെ ബൂത്തുകളുള്ള രണ്ട് കമ്മിറ്റികൾ രൂപവത്കരിക്കാനാണ് സാധ്യത.

എല്ലാ നേതാക്കൾക്കും രണ്ടോ മൂന്നോ ബൂത്തുകളുടെ ചുമതലനൽകാനും ആലോചനയുണ്ട്. സംസ്ഥാന, ദേശീയ നേതാക്കളായാലും ചുമതലയുള്ള ബൂത്തുകളിൽ ആഴ്ചയിലൊരിക്കൽ പോകണമെന്നനിലയിൽ പരിപാടികൾ ക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നത്.