റാന്നി: ബി.ജെ.പി.യുടെ പിന്തുണയോടെ റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായ കേരള കോൺഗ്രസ് (എം) അംഗം ശോഭാ ചാർളിയെ എൽ.ഡി.എഫിൽനിന്ന് പുറത്താക്കി. ഇടതുമുന്നണിയുടെ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ഇവരെ പുറത്താക്കിയതെന്ന് എൽ.ഡി.എഫ്. റാന്നി പഞ്ചായത്ത് കൺവീനർ ടി.എൻ.ശിവൻകുട്ടി അറിയിച്ചു. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. അംഗമായ ശോഭാ ചാർളിയുടെ പേര് നിർദേശിച്ചതും പിന്താങ്ങിയതും ബി.ജെ.പി. അംഗങ്ങളാണ്. വോട്ടെടുപ്പിൽ സി.പി.എം. അംഗങ്ങളുടെ പിന്തുണകൂടിയായപ്പോൾ ഇവർ വിജയിച്ചു. എന്നാൽ ഇത് ഏറെ വിവാദമായി. പ്രസിഡന്റ്‌സ്ഥാനം രാജിവെക്കുമെന്ന് സി.പി.എം. നേതാക്കൾ പലരും പറഞ്ഞെങ്കിലും അതുണ്ടായില്ല. രാജിവെക്കില്ലെന്ന നിലപാടിലാണ് ശോഭാ ചാർളി. ഈ സാഹചര്യത്തിലാണ് അവരെ ഇടതുമുന്നണിയിൽനിന്ന് പുറത്താക്കിയത്.