തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കായി ബി.ജെ.പി. ദേശീയനേതാക്കൾ കേരളത്തിലെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ ബൂത്തുതല പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കും. ദേശീയ അധ്യക്ഷൻ അമിത്ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കൾ വരുംദിവസങ്ങളിൽ കേരളത്തിൽ എത്തുന്നുണ്ട്.
14-ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇൻചാർജുമാരുടെ യോഗത്തിലും പത്തനംതിട്ടയിലെ പേജ് ഇൻചാർജുമാരുടെ യോഗത്തിലും പങ്കെടുക്കുമെന്ന് പാർട്ടി വക്താവ് എംഎസ്. കുമാർ അറിയിച്ചു. 22-നെത്തുന്ന അമിത് ഷാ പാലക്കാട്, ആലത്തൂർ, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇൻചാർജുമാരുടെ യോഗത്തിൽ പങ്കെടുക്കും. 28-നാണ് നരേന്ദ്ര മോദി ബൂത്തുതല പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്നത്.
26-ന് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ദീപംതെളിയിക്കുന്ന ‘കമൽജ്യോതി പ്രതിജ്ഞ’ സംഘടിപ്പിക്കും. മാർച്ച് രണ്ടിന് യുവമോർച്ചയുടെ നേതൃത്വത്തിൽ ജില്ലാതലങ്ങളിൽ ബൈക്ക് റാലിയും സംഘടിപ്പിക്കും.
തിരഞ്ഞടുപ്പിനുള്ള പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി ബൂത്തുതലത്തിൽ നടക്കുന്ന പണ്ഡിറ്റ് ദീനദയാൽ സ്മൃതിദിനാചരണം 15-ന് സമാപിക്കും. ചൊവ്വാഴ്ച മുതൽ മാർച്ച് രണ്ടു വരെ ‘എന്റെ കുടുംബം, ബി.ജെ.പി. കുടുംബം’ എന്ന പേരിൽ പ്രവർത്തകരുടെ വീടുകളിൽ കൊടി ഉയർത്തൽ, സ്റ്റിക്കർ പതിക്കൽ എന്നിവ നടത്തും. സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ കോഴിക്കോട്ടുള്ള വസതിയിൽ നടക്കും.
ബി.ജെ.പി. നേതാവ് പി.പി. മുകുന്ദൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കുന്നതിനെപ്പറ്റി അറിയില്ല. ശബരിമല കർമസമിതി നടത്തുന്ന പരിപാടികളിൽ പാർട്ടിയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
content highlights: bjp national leaders to kerala