തിരുവനന്തപുരം: ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പംനിർത്താൻ തന്ത്രംമെനയുന്ന ബി.ജെ.പി.യിൽ ഹിന്ദുത്വത്തിന്റെ അളവ് എത്രത്തോളമാകാമെന്നത് ചർച്ചയിലേക്ക്. കേരളത്തെ സംബന്ധിച്ച് വടക്കേയിന്ത്യയിലേതുപോലുള്ള തീവ്ര നിലപാടുകൾ പരീക്ഷിക്കാനാവില്ലെന്ന്‌ നേതാക്കൾ രഹസ്യമായി പറയുന്നു. പ്രത്യേകിച്ചും ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങളിൽ കാര്യമായ സ്വാധീനമുണ്ടാക്കണമെന്ന്‌ പാർട്ടിയിൽത്തന്നെ ആവശ്യം ശക്തമാകുമ്പോൾ.

ഹിന്ദുത്വ അജൻഡയിൽനിന്ന്‌ ബി.ജെ.പി.ക്ക് ഒട്ടും വ്യതിചലിക്കാനാവില്ലെങ്കിലും ഹിന്ദുഭീകരതയെന്ന ന്യൂനപക്ഷങ്ങളുടെ ഭയമകറ്റാൻ മൃദുഹിന്ദുത്വം മതിയെന്ന്‌ കരുതുന്നവരാണ് മുതിർന്ന നേതാക്കളിൽ നല്ലൊരു ഭാഗവും. കാസർകോട്ട്‌ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ഹിന്ദുത്വ സമീപനത്തെപ്പറ്റി പരാമർശമുണ്ടായെങ്കിലും അവിടെ ചർച്ചയുണ്ടായില്ല.

എന്നാൽ, വടക്കേയിന്ത്യൻ ഹിന്ദുത്വ നിലപാട് കേരളത്തിൽ വിലപ്പോകില്ലെന്ന തിരിച്ചറിവ് ഇവിടത്തെ നേതൃത്വത്തിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശകലനംചെയ്ത് കേസരി വാരിക പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്, കോൺഗ്രസ് സംസ്കാരത്തിൽ പാർട്ടി വളർത്താൻ ശ്രമിച്ചാൽ കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയം വളരില്ല, വടക്കേയിന്ത്യൻ മാതൃക കേരളത്തിൽ വിജയിക്കില്ല എന്നാണ്. പൊതുവേദികളിൽ ഹിന്ദുത്വ നിലപാടുകൾ ചർച്ചയാകുന്നില്ലെങ്കിലും ബി.ജെ.പി.യോടും ആർ.എസ്.എസിനോടുമുള്ള അനാവശ്യ പേടി ഇല്ലാതാക്കണമെന്ന അഭിപ്രായമാണ് മിക്ക നേതാക്കൾക്കും.

ക്രൈസ്തവ, മുസ്‌ലിം സമുദായങ്ങളിൽനിന്ന് എൻ.ഡി.എ.ക്ക് കേന്ദ്രമന്ത്രിമാരും പാർട്ടിക്ക് ഭാരവാഹികളും ഉണ്ടെങ്കിലും ഇരു സമുദായങ്ങളിലും കാര്യമായ സ്വാധീനമുണ്ടാക്കാനാവുന്നില്ലെന്ന തിരിച്ചറിവ് നേതാക്കൾക്കുണ്ട്. പാറശ്ശാലമുതൽ കാസർകോടുവരെ മുസ്‌ലിം ന്യൂനപക്ഷ ധ്രുവീകരണമുണ്ടായതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ വിജയത്തിലെത്തിച്ചതെന്നും തീവ്ര ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ ഇടതിന് അനുകൂലമായി സൈബർ പ്രചാരണം നടത്തിയെന്നും കേസരിയിലെ ലേഖനത്തിൽ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിന്‌ മാറ്റമുണ്ടാകണമെന്നതിൽ ഗൗരവ ചർച്ച നടക്കുമ്പോൾ ഹിന്ദുത്വത്തിന്റെ അളവ് പാർട്ടിക്കുള്ളിൽ കാര്യമായ ചർച്ചയ്ക്ക്‌ വരുമെന്നുറപ്പാണ്. ഇല്ലെങ്കിൽ നിലവിലുള്ള മധ്യനില സമീപനത്തിൽ മാറ്റംവരുത്താതെ പോകാനാണ്‌ സാധ്യത.