കണ്ണൂർ: ലാറ്റിനമേരിക്കൻ വിപ്ലവത്തിന്റെ ചുവന്ന സൂര്യൻ എന്നറിയപ്പെടുന്ന ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയെ കാണാൻ വെള്ളിയാഴ്ച ഉച്ചയ്ക്കു മുൻപ് കണ്ണൂർ ഗസ്റ്റ് ഹൗസിൽ ഒരു അതിഥിയെത്തി -ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പത്മനാഭൻ.

രഹസ്യമായാണ് പത്മനാഭനെത്തിയത്. ഗീതോപദേശ ശില്പവും അലൈഡയ്ക്ക് സമ്മാനിച്ചു. ഗസ്റ്റ്‌ ഹൗസിൽ സി.പി.എം. നേതാക്കളായ എം.എ.ബേബി, ചിന്താ ജെറോം എന്നിവരുമുണ്ടായിരുന്നു. പത്മനാഭന്റെ കൂടെ ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗം പി.കെ.സുധീർബാബുവും വന്നു. മഹാഭാരതയുദ്ധം നടക്കുമ്പോൾ അർജുനന് കൃഷ്ണൻ ഗീതോപദേശം നൽകിയ കാര്യം സ്പാനിഷ് ട്രാൻസ്‌ലേറ്ററുടെ സഹായത്തോടെ സി.കെ.പത്മനാഭൻ അലൈഡയെ വിവരിച്ചുകേൾപ്പിച്ചു. എം.എ.ബേബി, സി.കെ.പത്മനാഭനെ അലൈഡയ്ക്ക് പരിചയപ്പെടുത്തി. പത്മനാഭൻ കൊടുത്ത ഉപഹാരം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അലൈഡ പറഞ്ഞു.

‌സി.കെ.പത്മനാഭൻ 2017-ൽ ചെഗുവേരയെ ഗാന്ധിജിയോടുപമിച്ച് പുകഴ്ത്തി സംസാരിച്ചത് വിവാദമായിരുന്നു. ക്യൂബൻ വിപ്ലവത്തിന് നേതൃത്വം നൽകിയ ചെഗുവേരയെ യുവാക്കൾ മാതൃകയാക്കണമെന്നും അദ്ദേഹം അന്ന്‌ പറഞ്ഞിരുന്നു. കേരളത്തിലെ അക്രമരാഷ്ട്രീയത്തിന് പ്രചോദനം ചെഗുവേരയാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൽ.രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പത്മനാഭൻ ചെഗുവേരയെക്കുറിച്ച് പറഞ്ഞത്. ഇത് ബി.ജെ.പി. നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ചെഗുവേരയെ വിമർശിക്കുന്നവർ അദ്ദേഹത്തെ പഠിക്കണമെന്നും ’ബൊളീവിയൻ ഡയറി’ വായിക്കണമെന്നും അദ്ദേഹം അന്നുപറഞ്ഞു. പത്മനാഭന്റെ ചെഗുവേര അനുകൂലപ്രസ്താവന അദ്ദേഹം സി.പി.എമ്മിലേക്ക്‌ പോകുകയാണെന്ന പ്രചാരണം വരെയുണ്ടാക്കി.

അലൈഡയെ കാണാനുള്ള അവസരം സി.പി.എം. നേതാക്കളാണ് സി.കെ.പത്മനാഭന് ഒരുക്കിക്കൊടുത്തത്. കണ്ണൂരിൽ വരുന്നുണ്ടെന്നറിഞ്ഞപ്പോൾ പത്മനാഭൻ കോടിയേരിയെ വിളിച്ചിരുന്നു. അലൈഡ ഗസ്റ്റ്‌ഹൗസിൽ എത്തിയപ്പോൾ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പത്മനാഭനെ വിളിച്ച് സമയം അറിയിക്കുകയായിരുന്നു.

‘ചെഗുവേരയോട് ചെറുപ്പംമുതലേ ആരാധനയും ഇഷ്ടവുമായിരുന്നു. അദ്ദേഹത്തിന്റെ മകൾ എത്തുമ്പോൾ കാണാതിരിക്കാൻ പറ്റില്ലല്ലോ’ -സി.കെ പത്മനാഭൻ പറഞ്ഞു. അവരോട് സ്നേഹവും ബഹുമാനവുമുണ്ട്. ഞാൻ ചെഗുവേരയെ ഒരുപാട് വായിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.

Content Highlights: BJP leader C K Padmanabhan Meet Che Guera's daughter Aleida Guevara