തിരുവനന്തപുരം: വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി സ്ഥാനാർഥിയായാൽ നേരിടാൻ ഒരുങ്ങി ബി.ജെ.പി. നിലവിൽ എൻ.ഡി.എയുടെ ഘടകക്ഷിയായ ബി.ഡി.ജെ.എസിനാണ് വയനാട് സീറ്റ് നൽകിയിരിക്കുന്നത്. അത് തിരിച്ചെടുത്ത് പ്രമുഖനെയോ കേരളത്തിന് പുറത്തുനിന്ന് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട നേതാക്കളിൽ ആരെയെങ്കിലുമോ മത്സരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരത്ത് പാർട്ടിയുടെ കോർകമ്മിറ്റി യോഗം നടക്കും.

അമേഠിയിൽ പരാജയപ്പെടുമെന്ന ഭീതിയിലാണ് സുരക്ഷിത മണ്ഡലമെന്നു വിശ്വസിച്ച് രാഹുൽ വയനാട്ടിലെത്തുന്നതെന്ന പ്രചാരണത്തിനാകും പാർട്ടി മുൻതൂക്കം നൽകുക. എങ്കിലും, രാഹുലിന്റെ സ്വാധീനം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഉണ്ടാകുമെന്ന വിലയിരുത്തൽ പാർട്ടിക്കുണ്ട്. അതിനാൽ ഗൗരവത്തോടെയാണ് രാഹുലിന്റെ സ്ഥാനാർഥിത്വത്തെ കാണുന്നതും.

ബി.ഡി.ജെ.എസിൽനിന്ന് വയനാട് സീറ്റ് ഏകപക്ഷീയമായി തിരിച്ചെടുക്കില്ലെന്നു ബി.ജെ.പി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. അവരുമായി ആലോചിച്ച് ദേശീയനേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്. എന്നാൽ, സ്ഥാനാർഥി മാറാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. ബി.ജെപിക്കാണ് സീറ്റെങ്കിലും താൻ മത്സരിക്കില്ലെന്നു ശ്രീധരൻപിള്ള പറഞ്ഞു.

വയനാട്ടിലെ സ്ഥാനാർഥിയെക്കുറിച്ചായിരുന്നു ബി.ജെ.പി.യിലെയും ബി.ഡി.ജെ.എസിലെയും നേതാക്കൾ നേരിട്ട അന്വേഷണം. പത്തനംതിട്ട ഉൾപ്പടെ ബി.ജെ.പി മത്സരിക്കുന്ന 14 മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾ പ്രചാരണം തുടങ്ങി. ബി.ഡി.ജെ.എസ്. സ്ഥാനാർഥികളാണ് ഇനി അറിയാനുള്ളത്. അന്തിമ തീരുമാനമെടുക്കാൻ ചൊവ്വാഴ്ച തൃശ്ശൂരിൽ ബി.ഡി.ജെ.എസിന്റെ സംസ്ഥാന നേതാക്കളുടെ യോഗം നടക്കും. ഇതിൽ തുഷാറിന്റെ മത്സരവും വയനാട്ടിലെ സ്ഥാനാർഥിമാറ്റവും ചർച്ചയാകും.

content highlights: bjp kerala, rahul gandhi