തിരുവനന്തപുരം: സ്വന്തം അജൻഡ നടപ്പാക്കാൻ ബി.ജെ.പി. പി.കെ. കുഞ്ഞാലിക്കുട്ടിയെ ബ്ളാക്ക്‌മെയിൽ ചെയ്ത് ഉപയോഗിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടറി എ.എ. റഹിം. പാർലമെന്റിലേക്കുപോയ കുഞ്ഞാലിക്കുട്ടി ബി.ജെ.പി.യുടെ അംബാസഡറായാണ് തിരിച്ചെത്തിയതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പി.യുടെയും യു.ഡി.എഫിന്റെയും ഇടനിലക്കാരനാണ് കുഞ്ഞാലിക്കുട്ടി. സ്വർണക്കടത്തിൽ മുസ്‌ലിംലീഗിനും കുഞ്ഞാലിക്കുട്ടിക്കും പലതും മറച്ചുവെക്കാനുണ്ട്. അന്വേഷണം വഴിതെറ്റിക്കാനാണ് സാങ്കല്പിക കുറ്റവാളിയെ സൃഷ്ടിച്ച് സമരാഭാസവുമായി അവർ ഇറങ്ങിയത്.

സ്വർണക്കടത്തിന്റെ അറ്റത്ത് മന്ത്രി വി. മുരളീധരനും ബി.ജെ.പി.യുമാണ്. കേസ് അട്ടിമറിക്കാൻ വി. മുരളീധരൻ ശ്രമിക്കുകയാണ്. മുരളീധരൻ മന്ത്രിസ്ഥാനം രാജിവെക്കണമെന്നും ഇക്കാര്യത്തിൽ യു.ഡി.എഫ്. മൗനംപാലിക്കുന്നതെന്തിനാണെന്നും റഹിം ചോദിച്ചു.

കോൺഗ്രസിന്റെ അക്രമരാഷ്ട്രീയത്തിനെതിരേ ചൊവ്വാഴ്ച സംസ്ഥാനത്ത് കാൽലക്ഷം കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്‌.ഐ. പ്രതിഷേധം സംഘടിപ്പിക്കുമെന്നും റഹിം പറഞ്ഞു.

content highlights: bjp is blackmailing pk kunhalikkutty alleges dyfi