തിരുവനന്തപുരം: നേമം നേട്ടത്തില്‍ നിയമസഭയിലെ അംഗബലം ഒതുങ്ങിയെങ്കിലും വരുംനാളുകളില്‍ വലിയ ശക്തിയാകുമെന്ന് വിളിച്ചോതുന്നതാണ് ബി.ജെ.പി.യുടെ പ്രകടനം. വര്‍ധിച്ചുവരുന്ന ജനപിന്തുണയുടെ തെളിവ് ബി.ജെ.പി.ക്ക് ലഭിച്ച വോട്ടുകളുടെ കണക്കുകളിലുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാലക്കാട് ജില്ലയിലെ പാലക്കാട്, വി.എസ്.അച്യുതാനന്ദന്‍ മത്സരിച്ച മലമ്പുഴ, കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, കാസര്‍കോട് ജില്ലയിലെ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയത്. ഇതില്‍ മഞ്ചേശ്വരത്തും കാസര്‍കോട്ടും പാലക്കാട്ടും വട്ടിയൂര്‍ക്കാവിലും സി.പി.എം. സ്ഥാനാര്‍ഥികളെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.
 
ബി.ജെ.പി.യുടെ കുതിപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയ സി.പി.എം. നേതാക്കളില്‍ എന്‍.എന്‍.കൃഷ്ണദാസും(പാലക്കാട്) ടി.എന്‍.സീമയും (വട്ടിയൂര്‍ക്കാവ്) ഉണ്ട്. വി.എസ്.ജോയ്(മലമ്പുഴ), എം.എ.വാഹിദ് (കഴക്കൂട്ടം), ശൂരനാട് രാജശേഖരന്‍(ചാത്തന്നൂര്‍) തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പി.യുടെ കുതിപ്പില്‍ കിതച്ചുവീണുപോയവരാണ്.

മൂന്ന് മണ്ഡലങ്ങളില്‍ അമ്പതിനായിരത്തിലേറെ വോട്ട് നേടാന്‍ കഴിഞ്ഞതും പാര്‍ട്ടിക്ക് വലിയ നേട്ടമായി. നേമത്ത് രാജഗോപാല്‍ 67813 വോട്ടാണ് നേടിയത്. മഞ്ചേശ്വരത്ത് 56781 വോട്ട് നേടിയ കെ.സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്ത്. കാസര്‍കോട്ട് 56120 വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തിയ രവീശ തന്ത്രി കുണ്ടാറാണ് അമ്പതിനായിരം കടന്ന മൂന്നാമന്‍.
അഞ്ച് സീറ്റുകളില്‍ നാല്‍പ്പതിനായിരത്തിലേറെയും പന്ത്രണ്ട് സീറ്റുകളില്‍ മുപ്പതിനായിരത്തിലേറെയും വോട്ടുനേടാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞു.
 
മലമ്പുഴയില്‍ വി.എസ്.അച്യുതാനന്ദനെ എതിരിട്ട സി.കൃഷ്ണകുമാര്‍(46,157), പാലക്കാട്ട് ശോഭാ സുരേന്ദ്രന്‍ (40,076), ചെങ്ങന്നൂരില്‍ മത്സരിച്ച അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള(42,489), വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ (43,700) കഴക്കൂട്ടത്ത് മുന്‍ സംസ്ഥാനാധ്യക്ഷന്‍ വി.മുരളീധരന്‍(42,732) എന്നിവരാണ് നാല്‍പ്പതിനായിരത്തിലേറെ വോട്ടുനേടിയ മറ്റ് സ്ഥാനാര്‍ഥികള്‍.

മലമ്പുഴയില്‍ കഴിഞ്ഞതവണ എന്‍.ഡി.എ. ടിക്കറ്റില്‍ മത്സരിച്ച അഡ്വ. പി.കെ.മജീദ് 2772 വോട്ടും പാലക്കാട്ട് സി.ഉദയഭാസ്‌കര്‍ 22,273 വോട്ടും ചെങ്ങന്നൂരില്‍ ബി.രാധാകൃഷ്ണമേനോന്‍ 6057 വോട്ടും വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷ് 13,454 വോട്ടും കഴക്കൂട്ടത്ത് അഡ്വ. പത്മകുമാര്‍ 7497 വോട്ടും മാത്രമായിരുന്നു നേടിയിരുന്നത്.

കഴിഞ്ഞതവണ 5965 വോട്ട് നേടിയ നെടുമങ്ങാട്ട് ഇക്കുറി വി.വി.രാജേഷ് 35139 വോട്ടും കഴിഞ്ഞ തവണ ബി.കെ.ശേഖര്‍ 11,503 വോട്ട് നേടിയ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് 34764 വോട്ടും കഴിഞ്ഞതവണ എസ്.സുരേഷ് 10,301 വോട്ട് നേടിയ പാറശ്ശാലയില്‍ ഇക്കുറി കരമന ജയന്‍ 33028 വോട്ടും കഴിഞ്ഞ തവണ പി.കെ.കൃഷ്ണദാസ് 22,494 വോട്ട് നേടിയ കാട്ടാക്കടയില്‍ ഇക്കുറി അദ്ദേഹംതന്നെ 38,700 വോട്ടും നേടി.

തിരുവനന്തപുരത്തിനും കാസര്‍കോടിനും പുറത്ത് ഏതെങ്കിലും ഒരു ജില്ലയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മുപ്പതിനായിരത്തിലേറെ വോട്ട് നേടുന്നതും ഇതാദ്യമായാണ്. ഇക്കുറി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലായി എട്ട് സീറ്റുകളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ വോട്ട് മുപ്പതിനായിരം കടന്നു. കഴിഞ്ഞ തവണ അഡ്വ. കിഴക്കേനേല സുധാകരന്‍ 3824 വോട്ട് മാത്രം നേടിയ കൊല്ലം ചാത്തന്നൂരില്‍ ഇക്കുറി ബി.ഗോപകുമാര്‍ 33,199 വോട്ട് നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

ആറന്മുളയില്‍ കഴിഞ്ഞതവണ അഡ്വ. കെ.ഹരിദാസ് നേടിയത് 10,214 വോട്ട് മാത്രമായിരുന്നെങ്കില്‍ ഇക്കുറി എം.ടി.രമേശ് നേടിയത് 37906 വോട്ടാണ്. സംവരണമണ്ഡലമായ മാവേലിക്കരയില്‍ കഴിഞ്ഞ തവണ എസ്.ഗിരിജ 4984 വോട്ടാണ് നേടിയതെങ്കില്‍ ഇക്കുറി മുതിര്‍ന്ന നേതാവ് പി.എം.വേലായുധന്‍ 30929 വോട്ട് നേടി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയാണ് ബി.ജെ.പി. അപ്രതീക്ഷിതമായ മുന്നേറ്റം നടത്തിയ മറ്റൊരു മണ്ഡലം. കഴിഞ്ഞതവണ പാര്‍ട്ടി സ്ഥാനാര്‍ഥി രാജമോഹന്‍ 8021 വോട്ടാണ് നേടിയതെങ്കില്‍ ഇക്കുറി വി.എന്‍.മനോജ് നേടിയത് 31411 വോട്ട്.

തൃശ്ശൂരാണ് ബി.ജെ.പി. വലിയ മുന്നേറ്റം നടത്തിയ മറ്റൊരു ജില്ല. ഇവിടെ പുതുക്കാട്, ഇരിങ്ങാലക്കുട, മണലൂര്‍ മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിലേറെ വോട്ടുനേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. കഴിഞ്ഞതവണ പാര്‍ട്ടി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ 14425 വോട്ടാണ് പുതുക്കാട്ട് നേടിയതെങ്കില്‍, ഇക്കുറി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് 35,833 വോട്ടുനേടി. ഏറെനേരം യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ പിന്തള്ളി രണ്ടാംസ്ഥാനത്ത് നില്‍ക്കാനും നാഗേഷിന് കഴിഞ്ഞിരുന്നു.
കഴിഞ്ഞ തവണ കെ.സി.വേണു 6669 വോട്ടുനേടിയ ഇരിങ്ങാലക്കുടയില്‍ ഇക്കുറി പാര്‍ട്ടി സ്ഥാനാര്‍ഥിയായ സന്തോഷ് ചെറാക്കുളം 30,420 വോട്ടാണ് നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.എം.ഗോപിനാഥ് 10,539 വോട്ട് നേടിയ മണലൂരില്‍ ഇക്കുറി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നേടിയത് 37,680 വോട്ടാണ്.

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലമാണ് ബി.ജെ.പി. വമ്പന്‍ കുതിപ്പ് നടത്തിയ മറ്റൊരു മണ്ഡലം. കഴിഞ്ഞതവണ 17,086 വോട്ടുനേടിയ സി.കെ.പത്മനാഭന്‍ ഇക്കുറി തന്റെ വോട്ട് 32,702 ആക്കി ഉയര്‍ത്തി. ഇരട്ടിയുടെ അടുത്ത് വോട്ടുവര്‍ധന. കോഴിക്കോട് നോര്‍ത്തില്‍ കഴിഞ്ഞതവണ 9874 വോട്ടുനേടിയ സ്ഥാനത്ത് കെ.പി.ശ്രീശന്‍ 29,860 വോട്ടുകളാണ് ഇത്തവണ നേടിയത്.

ഉദുമ (കെ.ശ്രീകാന്ത് 21231, കഴിഞ്ഞ തവണ 13056), കൂത്തുപറമ്പ് (സി.സദാനന്ദന്‍ 20787, കഴിഞ്ഞ തവണ 11831), മട്ടന്നൂര്‍ (ബിജു എളക്കുഴി 18620, കഴിഞ്ഞ തവണ 8689), എലത്തൂര്‍ (വി.വി.രാജന്‍ 29070, കഴിഞ്ഞ തവണ 11859), ബേപ്പൂര്‍ (കെ.പി.പ്രകാശ്ബാബു 27,958, കഴിഞ്ഞ തവണ 11031), ഒറ്റപ്പാലം (പി.വേണുഗോപാല്‍ 27605, കഴിഞ്ഞ തവണ 9622), കൊങ്ങാട് (രേണു സുരേഷ് 23800, കഴിഞ്ഞതവണ 8454)
 
നെന്മാറ (എന്‍.ശിവരാജന്‍ 23096, കഴിഞ്ഞ തവണ 9114), ആലത്തൂര്‍ (എം.പി.ശ്രീകുമാര്‍ 19610, കഴിഞ്ഞ തവണ 5458), ചേലക്കര (ഷാജുമോന്‍ വട്ടേക്കാട് 23845, കഴിഞ്ഞ തവണ 7050), കുന്ദംകുളം (കെ.കെ.അനീഷ്‌കുമാര്‍ 29325, കഴിഞ്ഞ തവണ 11723), ഗുരുവായൂര്‍ (നിവേദിത 25490, കഴിഞ്ഞ തവണ 4199)
 
വടക്കാഞ്ചേരി (ഉല്ലാസ് ബാബു 26436, കഴിഞ്ഞ തവണ 7440), തൃശ്ശൂര്‍ (ബി.ഗോപാലകൃഷ്ണന്‍ 24748, കഴിഞ്ഞ തവണ 6683), പാലാ (എന്‍.ഹരി 24821, കഴിഞ്ഞ തവണ 6349), ചങ്ങനാശ്ശേരി (ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ 21455, കഴിഞ്ഞ തവണ 3376), അടൂര്‍ (പി.സുധീര്‍ 25,940, കഴിഞ്ഞ തവണ 6194), കുണ്ടറ (എം.എസ്.ശ്യാംകുമാര്‍ 20,257, കഴിഞ്ഞ തവണ 5979), ആറ്റിങ്ങല്‍ (രാജി പ്രസാദ് 27,602, കഴിഞ്ഞ തവണ 4840) എന്നീ മണ്ഡലങ്ങളിലും മികച്ച പ്രകടനമാണ് ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ കാഴ്‌ചെവച്ചത്.