തിരുവനന്തപുരം: നേതൃമാറ്റം ഉടനുണ്ടാകില്ലെങ്കിലും ബി.ജെ.പി.ക്കെതിരേ ഉയർന്ന സാമ്പത്തികാരോപണങ്ങൾ കേന്ദ്രഘടകം പരിശോധിക്കും. ബി.ജെ.പി.യിലെ പ്രശ്നങ്ങൾ പഠിച്ച് മുൻ ഡി.ജി.പി. ജേക്കബ് തോമസ് സമഗ്രറിപ്പോർട്ട് നൽകിയെങ്കിലും സാമ്പത്തിക ആരോപണങ്ങളെപ്പെറ്റിയും അന്വേഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരിക്കുന്നത്. നേതൃമാറ്റംകൊണ്ടുമാത്രം സംസ്ഥാന ബി.ജെ.പി.യിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നാണ് അദ്ദേഹം ആദ്യം നൽകിയ റിപ്പോർട്ടിലുള്ളത്.

കൊടകര കുഴൽപ്പണക്കേസ് രാഷ്ട്രീയമായും അല്ലാതെയും കൈകാര്യം ചെയ്ത രീതി, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക ആരോപണങ്ങളുടെ വസ്തുത എന്നിവയൊക്കെ അടുത്ത റിപ്പോർട്ടിന്റെ ഭാഗമാകും. മുൻ പോലീസ് ഉദ്യോഗസ്ഥൻ എന്നനിലയിൽ അദ്ദേഹത്തിന്റെ അന്വേഷണമികവ് പരിശോധനയിൽ പ്രയോജനപ്പെടുത്താമെന്നാണ് കേന്ദ്രനേതൃത്വം കരുതുന്നത്.

തിരഞ്ഞെടുപ്പ് പരാജയം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാനും സി.വി. ആനന്ദബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരൻ എന്നിവരെ പ്രധാനമന്ത്രിയും ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ചുമതലപ്പെടുത്തിയിരുന്നു. നേതൃമാറ്റം ആവശ്യമാണെന്നായിരുന്നു ആനന്ദബോസിന്റെ റിപ്പോർട്ട്.