തിരുവനന്തപുരം: വയനാട് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം നിലനിൽക്കെ എൻ.ഡി.എ. സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളിയെത്തിയതിൽ സംസ്ഥാന ബി.ജെ.പി.യിൽ അതൃപ്തി പുകയുന്നു.

രാഹുൽഗാന്ധിക്കെതിരേ കടുത്തമത്സരത്തിന് പാർട്ടിയുടെ കരുത്തരിലാരെങ്കിലും വേണമെന്ന ആവശ്യം കേന്ദ്രനേതൃത്വം പരിഗണിച്ചതേയില്ല. വയനാട്ട് മത്സരിക്കുന്നതിൽ തുഷാറിന്റെ നീക്കങ്ങൾ വിജയിച്ചത് അമിത്ഷായുമായുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ്. സംസ്ഥാന നേതാക്കൾക്ക് ഇതിലൊരു പങ്കുമുണ്ടായില്ല. ഇതെല്ലാമാണ് അതൃപ്തി രൂക്ഷമാക്കിയത്.

ബി.ജെ.പി. പോരാട്ടത്തിനിറങ്ങുമെന്നാണ് അവസാന നിമിഷംവരെ സംസ്ഥാന നേതാക്കൾ പ്രതീക്ഷിച്ചത്. ഈ ആവശ്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഒന്നുകിൽ കേരളത്തിനുപുറത്തുനിന്ന് സ്ഥാനാർഥിയെ കൊണ്ടുവരുക, അല്ലെങ്കിൽ സംസ്ഥാനത്തെ നേതാക്കളെ മത്സരിപ്പിക്കുക. ഇതായിരുന്നു ആവശ്യം. കേരളത്തിൽനിന്നായാൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പരിഗണിച്ചിരുന്ന സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയെ പരിഗണിക്കുമെന്ന അഭ്യൂഹവും പരന്നു. എന്നാൽ, വയനാടിന്റെ അന്തിമ തീരുമാനത്തിൽ കേരളഘടകത്തിന് പ്രത്യേകിച്ച് പ്രാതിനിധ്യമൊന്നും ഉണ്ടായില്ല.

രാഹുലുമായുള്ള മത്സരത്തിൽ കിട്ടുന്ന ദേശീയ ശ്രദ്ധ പിന്നീട് ഗുണകരമാകുമെന്നായിരുന്നു പാർട്ടിയുടെ നിഗമനം. ഇതുതന്നെയാണ് തുഷാർ മനസ്സിൽ കണ്ടതും. ബി.ഡി.ജെ.എസിന് നൽകിയ സീറ്റാണ് വയനാടെങ്കിലും നേരത്തേയുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോൾ അവിടുത്തേതെന്ന് ബി.ജെ.പി. ചൂണ്ടിക്കാട്ടുന്നു.

മത്സരത്തിനില്ലെന്ന തുഷാറിന്റെ മനസ്സുമാറ്റിയത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെയും അമിത്ഷായുടെയും ഇടപെടലുകളാണ്. അദ്ദേഹത്തിന് തൃശ്ശൂർ സീറ്റ് മാറ്റിവെക്കുകയും ചെയ്തു. എന്നാൽ, അമിത്ഷായുമായി ചർച്ചകൾക്ക് ദിവസങ്ങളോളം ഡൽഹിയിൽ തങ്ങിയ തുഷാർ ഉപാധികളോടെയാണ് തൃശ്ശൂരിൽ മത്സരത്തിന് തയ്യാറായത്.

ഇതിനിടെയാണ്, രാഹുൽഗാന്ധി വയനാട്ടിൽ യു.ഡി.എഫ്. സ്ഥാനാർഥിയായാൽ തനിക്കു മത്സരിക്കണമെന്ന ആവശ്യവുമായി അദ്ദേഹം വീണ്ടും അമിത്ഷായെ സമീപിക്കുന്നത്. തുഷാർ വയനാട്ടിൽ സീറ്റുറപ്പിച്ചിട്ടും സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കൾ അറിഞ്ഞില്ല. ഇതൊക്കെ പാർട്ടിയിലുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. തൃശ്ശൂരിൽ സ്ഥാനാർഥി മാറിയതോടെ ആദ്യംമുതൽ ജോലി തുടങ്ങണമെന്നതിൽ അവിടെയുള്ള നേതാക്കളും പ്രവർത്തകരും അതൃപ്തരാണ്.

content highlights: BJP fields ally Thushar Vellappally against Rahul Gandhi in Wayanad