തിരുവനന്തപുരം: കോഴക്കേസിൽ പോലീസിന് ഇരട്ടത്താപ്പെന്ന് ആരോപിച്ച് ബി.ജെ.പി. കോടതിയിലേക്ക്. സി.കെ. ജാനുവിനു കോഴനൽകിയെന്ന കേസിൽ അവർക്കെതിരേ കേസെടുത്തെങ്കിലും സമാനസംഭവത്തിൽ മഞ്ചേശ്വരത്ത് സുന്ദരയ്ക്കെതിരേ കേസില്ല.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരേയുള്ള കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ച് റദ്ദാക്കാൻ കോടതിയെ സമീപിക്കാനാണ് തീരുമാനം. സി.കെ. ജാനുവിന് കോഴനൽകിയെന്ന കേസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതും പരിഗണനയിലുണ്ട്.

മഞ്ചേശ്വരത്ത് കേസെടുത്തതിൽ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി. ഡി.ജി.പി.യെ സമീപിച്ചിട്ടുണ്ട്.

എൻ.ഡി.എ.യുടെ ഭാഗമാകാൻ സി.കെ. ജാനുവിന് 10 ലക്ഷം രൂപ കോഴനൽകിയെന്ന ആരോപണത്തിൽ കേസെടുത്തത് കല്പറ്റ കോടതിയുടെ നിർദേശപ്രകാരമാണ്. ഇതിൽ സി.കെ. ജാനുവിനെയും പ്രതിയാക്കി.

ഇൗ കേസെടുത്തത് മജിസ്‌ട്രേറ്റ് കോടതിയുത്തരവ് പ്രകാരമായതിനാൽ അപ്പീലിനായി ജില്ലാ കോടതിയെ സമീപിക്കാനാകും. കാസർകോട്, വയനാട് ജില്ലകളിലുള്ള കേസുകൾ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുന്നകാര്യം പാർട്ടി നിയമകാര്യ സെൽ പരിശോധിക്കുന്നുണ്ട്.