തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിനുപിന്നാലെ, എൻ.ഡി.എ.യിലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. ബി.ജെ.പി.യുമായി അകലുന്നു. ബി.ജെ.പി. നേതാക്കൾ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഫോണിൽ സംസാരിച്ചെങ്കിലും മഞ്ഞുരുകിയിട്ടില്ല. ഇതിനിടെ, കൺവീനർസ്ഥാനം ഒഴിയുമെന്ന് ബി.ഡി.ജെ.എസ്. അധ്യക്ഷൻകൂടിയായ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചതോടെ പ്രതിസന്ധി കടുത്തു.

മുൻകാല തിരഞ്ഞെടുപ്പുകളെക്കാൾ വോട്ടുവിഹിതത്തിൽ ഇത്തവണയുണ്ടായ കുറവാണ് പരസ്പരം പഴിചാരലിന് ആയുധം. വോട്ടുമറിച്ചെന്ന ആരോപണം ഇരുകൂട്ടരും രഹസ്യമായി ഉയർത്തുന്നതിനിടെയാണ് തുഷാറിന്റെ നിലപാട്. കാലങ്ങളായി ബി.ജെ.പി. തുടരുന്ന അവഗണനയാണ് തുഷാറിനെയും കൂട്ടരെയും പ്രകോപിപ്പിക്കുന്നത്.

2016-ൽ കോവളം മണ്ഡലത്തിൽ ബി.ഡി.ജെ.എസിലെ കോവളം ടി.എൻ. സുരേഷ് 30,987 വോട്ടുനേടിയിരുന്നു. ഇത്തവണ മറ്റൊരു ഘടകകക്ഷിയായ കാമരാജ് കോൺഗ്രസിലെ വിഷ്ണുപുരം ചന്ദ്രശേഖരൻ താമരചിഹ്നത്തിൽ മത്സരിച്ചപ്പോൾ കിട്ടിയത് 18,664 വോട്ടാണ്. ഇതോടെ, ഇപ്പോഴത്തെ നിലയിൽ എൻ.ഡി.എ.യ്ക്ക് ബി.ഡി.ജെ.എസ്. ബാധ്യതയാണെന്നും ഇടതുമുന്നണിക്ക് വോട്ടുമറിച്ചുകൊടുക്കുന്ന ഇങ്ങനെയൊരു ഘടകകക്ഷി എൻ.ഡി.എ.യിൽ വേണോയെന്നും ചോദിച്ച് വിഷ്ണുപുരം ചന്ദ്രശേഖരൻ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടതോടെ ഘടകകക്ഷികൾക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നു.

21 മണ്ഡലങ്ങളിൽ മത്സരിച്ച ബി.ഡി.ജെ.എസ്. ശക്തിതെളിയിച്ചില്ലെന്നാണ് ബി.ജെ.പി.യുടെ ആക്ഷേപം. തദ്ദേശ തിരഞ്ഞെടുപ്പിലും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ലെന്ന്‌ ബി.ജെ.പി. നേതാക്കൾ പറയുന്നു.

ഇനി ബി.ജെ.പി.യുടെ വിശദമായ വിലയിരുത്തലുകൾക്കുശേഷമേ ഘടകക്ഷികളുമായി കൂടുതൽ ചർച്ചയുള്ളൂവെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു.