പുലാമന്തോൾ: ബിറ്റ്കോയിൻ ഇടപാടിലെ സാമ്പത്തികത്തർക്കങ്ങൾ മലയാളിയുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചപ്പോൾ ഇത്തരം ഇടപാടുകൾ ആളുകൾക്കിടയിൽ സജീവ ചർച്ചയാവുകയാണ്.

പുലാമന്തോൾ വടക്കൻ പാലൂർ സ്വദേശി അബ്ദുൽഷുക്കൂർ (25) ദെഹ്‌റാദൂണിൽ കഴിഞ്ഞദിവസം കൂട്ടാളികളുടെ മർദനത്തിൽ കൊല്ലപ്പെട്ടിരുന്നു. 485 കോടി രൂപയോളം ബിറ്റ്കോയിൻ ഇടപാടിൽ നിക്ഷേപിക്കാൻ ഷുക്കൂർ പലയിടങ്ങളിൽനിന്നായി ശേഖരിച്ചിരുന്നതായും തുക തിരികെ ലഭിക്കാത്തതു കാരണമുണ്ടായ തർക്കം കൊലപാതകത്തിലെത്തുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.

ഗ്രാമപ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരനായ യുവാവ് കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിലാണ് ഏവരെയും അമ്പരപ്പിക്കുന്ന സാമ്പത്തിക ഉയർച്ചയിലെത്തിയത്. കാസർകോടുള്ള കുടുംബാംഗവുമൊത്ത് ബിറ്റ്കോയിൻ ഇടപാടിൽ പണം നിക്ഷേപിച്ചു തുടങ്ങിയതോടെയായിരുന്നു ഇത്.

പിന്നീട് ഷുക്കൂർ തായ്‌ലാൻഡ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുകയും ആളുകളെ ഇടപാടിൽ ചേർക്കുകയുംചെയ്തു. ഇവർ മുഖാന്തരം നിരവധിപേർ ബിറ്റ്‌കോയിൻ ഇടപാടിൽ കണ്ണികളായി. തുടക്കത്തിൽ വലിയതോതിലുള്ള ലാഭവിഹിതവും ആളുകളിലേക്കെത്തി.

ഒരു ഓഹരിക്ക് 1000 ഡോളർ എന്നനിലയിലാണ് നിക്ഷേപങ്ങൾ നടത്തിയിരുന്നത്. ചെറിയ തുകകളും സ്വീകരിച്ചിരുന്നു. ലാഭവിഹിതത്തിനുപുറമെ ദിവസം 15 ഡോളർവരെ സമ്മാനത്തുകയായും എത്തിയിരുന്നതായി പറയുന്നു.

വ്യാപാരികൾ, സംരംഭകർ, യുവാക്കൾ തുടങ്ങിയവരാണ് ബിറ്റ്കോയിൻ ഇടപാടിലെ കണ്ണികൾ. ഇതു നേരിട്ട് പേയ്‌മെന്റായി ആളുകൾ കണക്കാക്കുമ്പോഴാണ് മൂല്യമുണ്ടാകുന്നത്. ഇതു പണമായി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനും സാധിക്കും.

ബിറ്റ്‌കോയിന് നിലവിലുള്ള മറ്റു കറൻസികളുടെ രൂപമില്ല. പ്രത്യേക ആപ്പുകൾ ഉപയോഗിച്ച് ഓൺലൈനായാണ് വിനിമയം. കഴിഞ്ഞ ഡിസംബറോടെ ബിറ്റ്‌കോയിന്റെ മൂല്യം അസ്ഥിരപ്പെടുകയും പണം അക്കൗണ്ടുകളിലേക്ക് കൈമാറ്റംചെയ്തിരുന്ന ഓൺലൈൻ കോഡ് തടസ്സപ്പെടുകയും ചെയ്തതോടെയാണ് ഷുക്കൂർ സാമ്പത്തിക ബാധ്യതകളിൽപ്പെട്ടതെന്നാണ് അറിയുന്നത്.

ഷുക്കൂറുമായി പണത്തെച്ചൊല്ലി കൂട്ടാളികൾ നിരന്തരം തർക്കത്തിലായി. തുടർന്നുള്ള വിഷയങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ദെഹ്‌റാദൂൺ പോലീസ് പറയുന്നു.

അതേസമയം ഷുക്കൂറിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായും അടുത്തദിവസം അതു പിൻവലിച്ച് ചില ഇടപാടുകൾ തീർക്കാൻ ഉദ്ദേശിച്ചിരുന്നതായും സൂചനയുണ്ട്. രണ്ടുമാസം മുമ്പ് ഒരുസംഘം വടക്കൻ പാലൂരിലെ വീട്ടിൽനിന്ന് ഷുക്കൂറിനെ കൊണ്ടുപോയിരുന്നു. നിർമാണത്തിലിരിക്കുന്ന വലിയ വീടും സ്ഥലവും മുമ്പ് പണം നിക്ഷേപിച്ചയാളുടെ പേരിലാക്കിയതായും പറയപ്പെടുന്നുണ്ട്.

അതേസമയം ഷുക്കൂറിനെതിരായി പണം നഷ്ടപ്പെട്ടവരുടെ പരാതികളുള്ളതായി സൂചനയില്ല.

Content Highlights: bitcoin murder, malappuram native killed in deradun,