കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതേവിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്‌. ‘വെറുതേ വിട്ടിരിക്കുന്നു’ എന്ന ഒറ്റവരിയിലായിരുന്നു വിധി.

പീഡനപരാതി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന്‌ കോടതി വിലയിരുത്തി. ഇരയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യവും പരാതി സാധൂകരിക്കാനുള്ള തെളിവുകളുടെ അഭാവവും കേസിൽ നിർണായകമായി. അപ്പീൽ പോകുമെന്ന്‌ പ്രോസിക്യൂഷൻ അറിയിച്ചു.

ബലാത്സംഗം, അധികാര ദുർവിനിയോഗം നടത്തിയുള്ള പീഡനം, ഭീഷണിപ്പെടുത്തൽ, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടങ്കലിൽവെക്കൽ തുടങ്ങിയ കുറ്റങ്ങളിലായി ബിഷപ്പിനെതിരേ ചുമത്തിയിരുന്ന ഏഴ്‌ വകുപ്പുകളിലും കുറ്റക്കാരനല്ലെന്നു കണ്ടെത്തി.

കുറവിലങ്ങാട്ടെ മഠത്തിൽ 2014 മുതൽ 2016 വരെ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് വിധിപറഞ്ഞത്.

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഏറെ വിവാദങ്ങൾക്ക്‌ വഴിയൊരുക്കിയ കേസായിരുന്നു ഇത്. പ്രോസിക്യൂഷൻ 39 സാക്ഷികളെ വിസ്തരിച്ചു. നാലുമാസത്തെ അന്വേഷണത്തിനൊടുവിൽ 2018 സെപ്റ്റംബർ 21-നാണ് ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായത്. അടച്ചിട്ട കോടതിമുറിയിലായിരുന്നു വിചാരണ.