കോട്ടയം: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസിൽ പ്രതിഭാഗത്തിന്‌ അനുകൂലമായത്‌ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യങ്ങളും പീഡനം നടന്നെന്ന്‌ സാധൂകരിക്കാനുള്ള തെളിവുകളുടെ അഭാവവും.

കന്യാസ്ത്രീ പീഡനപരാതി നൽകാൻ വൈകിയതും നിർണായകമായി. ബലാത്സംഗക്കേസുകളിൽ ഇരയുടെ മൊഴിമാത്രം കോടതി വിശ്വാസത്തിൽ എടുക്കാറുണ്ടെങ്കിലും ഈ കേസിൽ കന്യാസ്ത്രീയുടെ മൊഴി നൂറുശതമാനം വിശ്വസനീയമാണെന്ന്‌ കോടതിയെ ബോധ്യപ്പെടുത്താനായില്ല.

വിസ്തരിച്ച 39 സാക്ഷികളിൽ ഒരാൾപോലും കൂറുമാറിയിരുന്നില്ല. എന്നിട്ടും പ്രതിഭാഗത്തിന്‌ വിജയിക്കാനായി. സാക്ഷിമൊഴികളിലൊന്നും പീഡനപരാതി സാധൂകരിക്കാനുള്ള തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന്‌ കോടതി കണ്ടെത്തി. കന്യാസ്ത്രീക്കെതിരേ ബിഷപ്പ് നടപടിയെടുത്തതിന്റെ പ്രതികാരമാണ്‌ പരാതിക്കു കാരണമെന്നാണ്‌ പ്രതിഭാഗം വാദിച്ചത്‌.

പ്രതിഭാഗം വാദങ്ങൾ

* 2014 മുതൽ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ, കന്യാസ്ത്രീ പരാതി നൽകിയത്‌ 2018 ജൂൺ 28-നാണ്. ഈ താമസം മുൻനിർത്തി പരാതി വ്യാജമാണെന്ന്‌ പ്രതിഭാഗം വാദിച്ചു.

* 2016 ഡിസംബർവരെ കന്യാസ്ത്രീയും ബിഷപ്പും തമ്മിൽ സൗഹാർദം ഉണ്ടായിരുന്നെന്ന്‌ തെളിയിക്കുന്ന പത്ത്‌ ഇ-മെയിൽ ആശയവിനിമയങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.

* 2014 മേയ്‌ അഞ്ചിനാണ്‌ ആദ്യമായി പീഡനം നടന്നതെന്നാണ് പരാതിയിലുള്ളത്. എന്നാൽ, പിറ്റേന്ന്‌ കന്യാസ്ത്രീയുടെ ബന്ധുവിന്റെ മകന്റെ ആദ്യകുർബാനച്ചടങ്ങിൽ കാലടി പള്ളിയിൽ ഇരുവരും എത്തിയത്‌ ബിഷപ്പ് ഫ്രാങ്കോയുടെ കാറിലായിരുന്നു. ഇതിന്റെ വീഡിയോദൃശ്യങ്ങൾ പ്രതിഭാഗം ഹാജരാക്കി. ഇതു ചൂണ്ടിക്കാട്ടി പീഡനപരാതി വ്യാജമാണെന്ന്‌ പ്രതിഭാഗം വാദിച്ചു.

* കന്യാസ്ത്രീയുടെ ബന്ധുവായ യുവതി, കന്യാസ്ത്രീക്കെതിരേ ജലന്ധർ കോൺഗ്രിഗേഷനിൽ നൽകിയ പരാതിയും ഈ കേസിൽ പ്രതിഭാഗത്തിന്‌ നിർണായകമായി. ഈ പരാതിയിൽ, ബിഷപ്പ് അന്വേഷണത്തിന് ഒരുങ്ങിയതോടെയാണ്‌ ഇവർ തമ്മിലുള്ള ബന്ധം വഷളായതെന്നും കന്യാസ്ത്രീ പരാതി നൽകിയതെന്നും പ്രതിഭാഗം ഉന്നയിച്ചു.

* 2017 ഫെബ്രുവരിയിലാണ്‌ കന്യാസ്ത്രീയെ കേരളത്തിന്റെ ചുമതലയിൽനിന്ന്‌ നീക്കിയത്. മേയിൽ മദർ സുപ്പീരിയർസ്ഥാനത്തുനിന്ന്‌ നീക്കി. ബിഷപ്പിനെതിരേ കുറവിലങ്ങാട്‌ പള്ളിവികാരിക്കാണ്‌ കന്യാസ്ത്രീ ആദ്യം പരാതി നൽകിയത്‌. 2017 നവംബർ 24-ന് മാർ ജോർജ്‌ ആലഞ്ചേരിക്കും പരാതി നൽകി. ഈ പരാതികളിൽ സഭാതർക്കങ്ങൾ മാത്രമാണ്‌ ഉന്നയിച്ചിരുന്നത്‌. ലൈംഗികപീഡനം ഉന്നയിച്ചിരുന്നില്ലെന്ന്‌ പ്രതിഭാഗം വാദിച്ചു.

* ഒരു വാർത്താചാനലിൽ വന്ന സിസ്റ്റർ അനുപമയുടെ അഭിമുഖവും പ്രതിഭാഗത്തിന്‌ പിടിവള്ളിയായി. ബിഷപ്പിന്റെ പീഡനത്തെക്കുറിച്ച്‌ പലരോടും പറഞ്ഞെന്നായിരുന്നു കന്യാസ്ത്രീയുടെ വാദം. കേസായപ്പോഴാണ്‌ പീഡിപ്പിച്ചെന്ന പരാതിയെക്കുറിച്ച്‌ അറിഞ്ഞതെന്നാണ് സിസ്റ്റർ അനുപമ പറഞ്ഞത്‌. പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ വാദം പലരും നേരത്തേ അറിഞ്ഞിരുന്നില്ലെന്ന്‌ പ്രതിഭാഗത്തിന്‌ ഉന്നയിക്കാനായി.

* കന്യാസ്ത്രീയെ വൈദ്യപരിശോധന നടത്തിയതിന്റെ റിപ്പോർട്ട് പോലീസ്‌ തിരുത്തിയെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇക്കാര്യം തെളിയിക്കാൻ മെഡിക്കൽ കോളേജിൽനിന്ന്‌ അസൽ റിപ്പോർട്ട്‌ ഹാജരാക്കിയെന്നും പ്രതിഭാഗം അറിയിച്ചു.