ശിവഗിരി: കേന്ദ്ര സാഹിത്യ അക്കാദമി 11 ഭാഷകളിൽ പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവിന്റെ ജീവചരിത്രഗ്രന്ഥങ്ങൾ ശിവഗിരിയിൽ സമർപ്പിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, കൊങ്ങിണി, മറാഠി, നേപ്പാളി, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിലാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്.

ശിവഗിരി മഹാസമാധിയിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്ക് പി.ടി.തോമസ് എം.എൽ.എ. പുസ്തകങ്ങൾ സമർപ്പിച്ചു.

2009-ൽ പി.ടി.തോമസ് എം.പി.യായിരിക്കേ, ശ്രീനാരായണഗുരുവിന്റെ കണ്ടെടുക്കപ്പെട്ട മുഴുവൻ കൃതികളും ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി എല്ലാ ഇന്ത്യക്കാർക്കും ഗുരുവിനെപ്പറ്റി അറിയാൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. അതിനു മറുപടി നൽകിയ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് ഈ ചുമതല കേന്ദ്ര സാഹിത്യ അക്കാദമിയെ ഏൽപ്പിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ടി.ഭാസ്‌കരൻ രചിച്ച ശ്രീനാരായണഗുരുവിന്റെ ജീവചരിത്രമാണ് 11 ഭാഷകളിൽ പ്രസിദ്ധീകരിച്ചത്. ഈ പുസ്തകങ്ങളാണ് ശിവഗിരിയിൽ സമർപ്പിച്ചത്.

ചടങ്ങിൽ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗങ്ങളായ സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ എന്നിവരും എസ്.ജോഷി, പി.എസ്.ബാബുറാം, റജി ആശാരിപ്പറമ്പിൽ എന്നിവരും പങ്കെടുത്തു.